വടക്കാഞ്ചേരി ലൈഫ്മിഷന്‍ കേസില്‍ തിരുവനന്തപുരം കരമന ആക്സിസ് ബാങ്കിലെ ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ രേഖപ്പെടുത്തി. കമ്മിഷന്‍ ഇടപാടില്‍ വ്യക്തത വരുത്താനാണ് മൊഴിയെടുത്തത്. ഇടപാടുകള്‍ നടന്ന യുഎഇ കോണ്‍സുലേറ്റിന്‍റെ അക്കൗണ്ടും പ്രതി സന്ദീപ് നായരുടെ അക്കൗണ്ടും യൂണിടാകിന്‍റെ അക്കൗണ്ടും ആക്സിസ് ബാങ്കിലാണുള്ളത്,
സ്വകാര്യ ബാങ്കിന്‍റെ തിരുവനന്തപുരം കരമന ശാഖയിലെ യുഎഇ കോണ്‍സുലേറ്റിന്‍റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഏറ്റെടുത്ത യൂണിടാകിന് പതിനാലരക്കോടി രൂപ കൈമാറിയത്. കരാര്‍ തുകയില്‍ നിന്ന് അറുപത്തിയെട്ടു ലക്ഷം രൂപ സന്ദീപ് നായരുടെ ഐസോമോങ്ക് എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് കമ്മിഷനായി യൂണിടാക് ഉടമ സന്തോഷ്ഈപ്പന്‍ കൈമാറി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 നും രണ്ടിനുമായി മൂന്ന് കോടി എണ്‍പത് ലക്ഷം രൂപ ബാങ്കിന്‍റെ കരമനശാഖയില്‍ നിന്ന് തന്റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് സന്തോഷ് ഈപ്പന്‍റെ മൊഴി . ഈ പണം ബാങ്ക് തന്നെ യു.എസ് ഡോളറാക്കി മാറ്റി നല്‍കി. ഈ പണമാണ് കവടിയാറിലെ കോഫിഷോപ്പിന് സമീപത്ത് വച്ച് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന് കൈമാറിയതെന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. ഇക്കാര്യങ്ങളില്‍ പരിശോധനയാണ് നടന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം സ്വീകരിച്ചത് വിദേശനാണയ നിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സിബിഐ കേസ്. അതിനാല്‍ തന്നെ ബാങ്ക് പണം യു.എസ് ഡോളറാക്കി നല്‍കിയതിലും അന്വേഷണമുണ്ടായേക്കും. അതേസമയം പരാതിക്കാരനായ അനില്‍അക്കര എംഎല്‍എ സിബിഐ ഓഫീസില്‍ ഹാജരായി സെയ്ന്‍ വെഞ്ചേഴ്സുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറി. യൂണിടാകുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കത്തിടപാടുകളും ആശുപത്രി നിര്‍മിക്കാന്‍ പൊതുമരാമത്ത് തയാറാക്കിയ എസ്റ്റിമേറ്റും അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്. കമ്മിഷനായി നല്‍കിയ നാലരക്കോടി രൂപ സെയിന്‍ വെഞ്ചേഴ്സിന്‍റെ പണമാണെന്ന് അനില്‍ അക്കര ആരോപിച്ചു.
സ്വകാര്യബാങ്കില്‍ പ്രതി സന്ദീപ് നായര്‍ക്കുണ്ടായ അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്.