പാലാരിവട്ടം മേല്‍പാലം പുനര്‍നിര്‍മാണം എട്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ആവര്‍ത്തിച്ച് പൊതുമരാമത്ത് മന്ത്രി. പൊളിക്കല്‍ പുരോഗമിക്കുന്ന പാലത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മന്ത്രി ജി. സുധാകരന്റെ പ്രതികരണം. വൈറ്റില , കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ നിര്‍മാണം നവംബര്‍ പകുതിയോടെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദ്രുതഗതിയിലാണ് പാലാരിവട്ടം പാലത്തിന്റെ പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഡിവൈഡറുകള്‍ മുറിച്ചു നീക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്. സ്പാനുകളിലൊന്നിന്റെ കുറച്ച് ഭാഗവും ഇന്നലെ മുതല്‍ പൊളിക്കാന്‍ തുടങ്ങി. പാലത്തില്‍ സന്ദര്‍ശനം നടത്തിയ പൊതുമരാമത്ത് മന്ത്രിക്കും തൃപ്തി. ഇങ്ങിനെ പോയാല്‍ അടുത്ത് മേയില്‍ തന്നെ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയും. പാലം പണി എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കുയെന്നതില്‍ തന്നെയാണ് സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന. പാലം പൊളിച്ചു പണിയുന്നതിനുള്ള തുക കരാറുകാരായ ആര്‍ഡിഎസില്‍ നിന്ന് തന്നെ ഈടാക്കും. കോടതി നടപടിക്രമങ്ങള്‍ കൂടി പരിഗണിച്ചാകും നഷ്ടപരിഹാരം ഈടാക്കുക
വൈറ്റില കൂണ്ടന്നൂര്‍ മേല്‍പാലങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി. കാലാവസ്ഥ അനുകൂലമായാല്‍ അടുത്ത മാസം പകുതിയോടെ ഇരു പാലങ്ങളുടേയും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമന്നും ജി. സുധാകരന്‍ പറഞ്ഞു.