വലിയ വിവാദങ്ങൾക്കും കോളിളക്കങ്ങൾക്കും ശേഷം പാലാരിവട്ടം പാലം പൊളിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രാരംഭ നടപടികൾക്ക് ഇന്ന് തുടക്കമായി. കേരളത്തിന്റെ ‘പഞ്ചവടിപ്പാലം’ എന്ന് ഹൈക്കോടതി പോലും പരാമര്‍ശിച്ച പാലാരിവട്ടം പാലം പൊളിക്കുമ്പോള്‍ മറ്റൊരു യാദൃശ്ഛികത കൂടി ചര്‍ച്ചയാകുകയാണ്.  36 വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബർ ഇരുപത്തിയെട്ടിനാണ് പഞ്ചവടിപ്പാലം എന്ന സിനിമ റിലീസാകുന്നത്. അത് ദിവസം തന്നെ പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങുന്നു.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ആക്ഷേപഹാസ്യ സിനിമയായിട്ടാണ് പഞ്ചവടിപ്പാലത്തെ വിശേഷിപ്പിക്കുന്നത്. വർഷമിത്ര കഴിഞ്ഞിട്ടും കാലിക പ്രസക്തമായി നിലകൊള്ളുന്ന സിനിമ. അഴിമതിയിൽ മുങ്ങിക്കുളിച്ച പഞ്ചായത്ത് പ്രസിഡന്റ് ദുശാസ്സനക്കുറുപ്പിന്റെ നേതൃത്വത്തിൽ കെട്ടിപ്പൊക്കിയ പാലം ഉദ്ഘാടനച്ചടങ്ങിനിടെ തന്നെ തകർന്ന കഥയാണ് കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം ’ (1984) പറയുന്നത്.

ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയ ചിത്രത്തില്‍ മലയാളത്തിലെ അന്നത്തെ പ്രമുഖ താരങ്ങൾ അണി നിരന്നു. സംവിധാനം ചെയ്തത് കെ.ജി ജോർജ്ജ്. കെ.ജി ജോർജ്ജും യേശുദാസനും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഗാന്ധിമതി ബാലനാണ് നിർമാണം. 

ഭരത് ഗോപി, ശ്രീവിദ്യ, തിലകൻ, നെടുമുടി വേണു, സുകുമാരി, ജഗതി ശ്രീകുമാർ, ശ്രീനിവാസൻ, കെ.പി ഉമ്മർ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ. 

ഭരണാധികാരിയുടെ സൽപ്പേരിനായി പുതിയ പാലം പണിയാൻ തീരുമാനിക്കുന്നു. അതിനായി നിലവിലുള്ള ‌പാലം പൊളിക്കാമെന്ന് തീരുമാനിക്കുന്നു. എന്നാൽ പ്രതിപക്ഷത്തിന്‍റെ എതിർപ്പ് കാരണം അത് മറ്റൊരിടത്തേക്ക് മാറ്റുന്നു. അവിടെ പുതിയ റോഡിനും അവസരം ഉണ്ടാകുന്നു. തുടർന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളും ഉദ്‌ഘാടനത്തിന്റെ അന്നുതന്നെ തന്നെ പാലം പൊളിയുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. അതിൽ പെട്ട് സാധാരണക്കാരനായ ഒരു ഭിന്നശേഷിക്കാരന്‍ മരിക്കുന്നു. ഒടുവിൽ പൊതു ഖജനാവ് മുടിക്കുന്ന പാലങ്ങൾക്ക് നാട്ടുകാർ പഞ്ചവടിപ്പാലം എന്ന് പേരിട്ടു. 

ഇന്ന് പഞ്ചവടിപ്പാലം പുറത്തിറങ്ങിയ അതേ ദിവസം തന്നെ പാലാരിവട്ടം പാലം പൊളിക്കുന്നത് ആകസ്മികമായി വന്നു ചേർന്നതാണെങ്കിലും അത് സമൂഹമാധ്യമങ്ങളിലാകെ പലമട്ടിലുള്ള ചര്‍ച്ചകളുയര്‍ത്തുന്നു.

പഞ്ചവടിപ്പാലം സിനിമയുടെ നിർമാതാവ് ഗാന്ധിമതി ബാലൻ ഇതിനെ യാദൃച്ഛികമായി തന്നെ കാണുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ: 

'പഞ്ചവടിപ്പാലം റിലീസായി കൃത്യം 36–ാം വർഷം പാലാരിവട്ടം പാലം പൊളിക്കുന്നതിനെ യാദൃച്ഛികം എന്ന് മാത്രമേ പറയാൻ സാധിക്കൂ. അന്ന് ആ സിനിമ എടുത്തപ്പോൾ ഇതൊന്നും ചിന്തിച്ചിരുന്നില്ല. പ്രത്യേക രാഷ്ട്രീയ ലക്ഷ്യമോ പക്ഷേ ചേരലോ ഒന്നുമില്ലാത്ത ഒരു സിനിമ. ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവമായാണ് ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ ആ സിനിമയിൽ രാഷ്ട്രീയം കാണരുതെന്ന അഭ്യർഥനയാണുള്ളത്. 

സിനിമയ്ക്ക് വേണ്ടി യഥാർഥമായ ഒരു പാലം നിര്‍മിക്കുകയായിരുന്നു. അവസാനം അത് പൊളിഞ്ഞു വീഴുന്ന രംഗം ചിത്രീകരിക്കാൻ കുറച്ച് പ്രയാസപ്പെട്ടു. കാരണം പാലത്തിന് നല്ല ബലമുണ്ടായിരുന്നു. പൊളിക്കാൻ പറ്റുന്നില്ല. പിന്നീട് ഭാഗങ്ങളായി മുറിച്ചാണ് പൊളിഞ്ഞു വീഴുന്ന രംഗം ചിത്രീകരിച്ചത്. 36 വർഷത്തിന് ശേഷവും സിനിമ ചർച്ചയാകുന്നതും പാലം പൊളിക്കുന്നതുമെല്ലാം ഒരു നിമിത്തം മാത്രമായി കാണുന്നു'.