ചാലക്കുടി ദേശീയപാതയിലെ അടിപ്പാത നിര്‍മാണം തുടങ്ങി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. ദേശീയപാതയുടെ ഒരുഭാഗം അടച്ചിട്ടതിനാല്‍ യാത്രാ ദുരിതം ഏറെയാണ്. 

ചാലക്കുടി നഗരസഭാ ജംക്ഷനു സമീപമാണ് അടിപ്പാത വരുന്നത്. നിര്‍മാണം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെങ്കിലും പണി തീര്‍ന്നിട്ടില്ല. ബെന്നി ബഹന്നാന്‍ എം.പിയായ ശേഷം അടിപ്പാത നിര്‍മാണത്തിന് വേഗം കൂട്ടാന്‍ ഇടപെടല്‍ നടത്തിയിരുന്നു. കരാറുകാരന് പണം ലഭ്യമാക്കാന്‍ എം.പി. നേരിട്ടടപെടുകയും ചെയ്തു. നിലവില്‍, അടിപ്പാതയുടെ നിര്‍മാണത്തിന് വേഗം കൂടിയിട്ടുണ്ട്. ഇനി, പണി മുടങ്ങാതിരിക്കാന്‍ ദേശീയപാത അധികൃതര്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ യാത്രാദുരിതം അനന്തമായി നീളും. ചാലക്കുടി നഗരസഭാ ജംക്ഷനു സമീപം ഒരു വശം പൂര്‍ണമായും അടച്ചിട്ടു. ദീര്‍ഘകാലം പണി നടക്കാതെയുമിരുന്നു. അടിപ്പാതയുടെ പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ വരെ നാട്ടുകാര്‍ രൂപികരിച്ചിരുന്നു.

തൃശൂര്‍-കൊച്ചി ദേശീയപാതയില്‍ ഏറ്റവും തിരക്കേറിയ ഭാഗമാണിത്. വാഹനത്തിരക്കേറുന്ന സന്ദര്‍ഭങ്ങളിലെല്ലാം നീണ്ട വരിയും പ്രത്യക്ഷപ്പെടാറുണ്ട്. ഈ വര്‍ഷമെങ്കിലും അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.