Onam-News-HD-Thumb-Pooradam-day

സൂക്ഷിച്ചോണം കൊണ്ടാടാൻ തയ്യാറെടുക്കുകയാണ് മലയാളികൾ. ഇന്ന് പൂരാടം. ഉപ്പേരി വറവിന്റേയും സദ്യവട്ടത്തിനുള്ള പച്ചക്കറികൾ തയ്യാറാക്കുന്നതിന്റെയും ദിവസമാണ് പൂരാടം.

 

മലയാളിക്ക് പൂരാടം തുടങ്ങുന്നത് എട്ടുവട്ടത്തിൽ പൂക്കളമൊരുക്കിയാണ്. പൂരാടക്കളത്തിന് തെച്ചിപ്പൂക്കളാണ് വേണ്ടത്. പഴുത്ത കായക്കുല പത്തായം കടന്ന് അടുക്കളവട്ടത്തേക്കാനയിക്കപ്പെടുന്നതും പൂരാടത്തുനാളാണ്. പ്രാതലിൽ താരമായി തിരുവോണം തീരും വരെയുണ്ടാവും.പഴം പുഴുങ്ങിയതും പപ്പടവും ഉപ്പേരി വറുത്തതുമാണ്  തിരുവോണം കഴിയുംവരെ പ്രാതൽ. അത്തം നാളിൽ വറുത്ത കായ വറുത്തതും ശർക്കരവരട്ടിയും ഏതാണ്ട് കാലിയാകാറായിട്ടുണ്ടാകും പൂരാടമാവുമ്പോഴേക്കും. അതുകൊണ്ട് തന്നെ പൂരാടത്തിനാണ് രണ്ടാം വട്ട ഉപ്പേരി വറവ്. രാവിലെ തുടങ്ങുന്ന കായവറവ് തീരുമ്പോഴേക്കും ഉച്ചയൂണിന് നേരമാവും. പൂരാട സദ്യയിലെ വെറൈററ്റി താരം കായത്തോല്‍ തോരനാണ്. ഇലയുടെ ഒരറ്റത്തൂന്ന് തുടങ്ങിയാല്‍ വടുകപ്പുളി നാരങ്ങ അച്ചാറും ഒാലനും എരിശ്ശേരിയും സാമ്പാറുമൊക്കെ ഞാനോ നീയോ കേമനെന്ന തര്‍ക്കത്തിലേര്‍പ്പെടും. ഉച്ച കഴിഞ്ഞുള്ള പ്രധാനപണി കുറുക്ക് കാളനുണ്ടാക്കലാണ്. സന്ധ്യയോടടുക്കുമ്പോഴേക്കും അടുക്കളയില്‍ നിന്നുയരും മാവേലിക്ക് നേദിക്കാനുള്ള അടയുണ്ടാക്കാനുള്ള ഇടിക്കലും പൊടിക്കലും. മാവേലിയെ പൂക്കളത്തില്‍ വെക്കുന്നതും പൂരാടത്തിനാണ്. അവസാനവട്ട ഒരുക്കത്തിനായുള്ള ഉത്രാടപാച്ചില്‍ സ്വപ്നം കണ്ടാണ് മലയാളിയുടെ പൂരാടം അരങ്ങൊഴിയുക. പഴമയുടെ പൂരാടപ്പെരുമയില്ല ഇന്നെങ്കിലും കാണം വിറ്റും ഒാണമുണ്ണാന്‍ മനസുള്ള നമ്മള്‍ മലയാളികള്‍ക്ക് ഇത് കരുതലിന്റെയും അകലം പാലിക്കലിന്റേയും കൂട്ടംകൂടാതിരിക്കലിന്റേയും സൂക്ഷിച്ചോണമാണെന്ന് ഒാര്‍മിപ്പിക്കുന്നു.