രാജ്യത്തെ മികച്ച തദ്ദേശീയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായി ആലപ്പുഴയിലെ വി.കണ്‍സോള്‍ തിരഞ്ഞെടുക്കപ്പെട്ടു. ചേർത്തല ഇൻഫോപാർക്കിലെ ടെക്‌ജെൻഷ്യ ടീമാണ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഒരു കോടി രൂപയും മൂന്നു വർഷത്തേക്ക് സർക്കാരിന്റെ വീഡിയോ കോൺഫറൻസിങ്ങിനുള്ള കരാറുമാണ് സമ്മാനം. 

ഡല്‍ഹിയില്‍ മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രഖ്യാപനം വന്നപ്പോള്‍ ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലെ ഒരു സ്റ്റാര്‍ട് അപ് രാജ്യത്തിന്റെ ചരിത്രത്തിലേക്കാണ് നടന്നുകയറിയത്. ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റ്യന്റെ നേതൃത്വലുള്ള സ്റ്റാർട്ടപ്പാണ് ടെക്‌ജെൻഷ്യ. രണ്ടായിരത്തോളം കമ്പനികളിൽ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്. അവസാന നാലു കമ്പനികളുമായി സാങ്കേതിക വിദ്യയിലുള്ള ഇഞ്ചോടിഞ്ച് മല്‍സരത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. സുഹൃത്തുക്കളും ഐടി രംഗത്തെ വിദഗ്ദ്ധരും ഉൾപ്പെടെ ഒട്ടേറെ ആളുകളെ പങ്കെടുപ്പിച്ച് പലതവണ പരീക്ഷണങ്ങൾ നടത്തിയാണ് ജോയി വി.കൺസോളിന് അന്തിമരൂപം നൽകിയത്

2009ലാണ് ടെക്‌ജെൻഷ്യ ആരംഭിച്ചത്. പിന്നീട് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പിലേയും യുഎസിലേയും പല കമ്പനികൾക്കും വേണ്ടിയും വീഡിയോ കോൺഫറൻസ് ഡൊമൈനിൽ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്നവേഷന്‍ ചാലഞ്ചില്‍ വിജയിച്ചതോടെ ഇനി രാജ്യത്തെ പ്രധാന വീഡിയോ കോണ്‍ഫറന്‍സിങ് ടൂള്‍ ആയി ടെക്ജെന്‍ഷ്യയുടെ വി.കണ്‍സോള്‍ മാറും