കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതുയോഗ്യതാപരീക്ഷ. അതിന്റെ നടത്തിപ്പിന് ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി. ചരിത്രപരമായ ചുവടാണ് കേന്ദ്രസര്‍ക്കാരിന്റേത്. എന്താണ് സിഇടിയും എന്‍ആര്‍എയും ? ഇത് നടപ്പാകുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് എന്താണ് പ്രയോജനം ? സര്‍ക്കാരിന്റെ നേട്ടമെന്താണ്?
ആദ്യം എന്തിനാണ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് അഥവാ പൊതുയോഗ്യതാപരീക്ഷ നടത്തുന്നത് എന്ന് പരിശോധിക്കാം.
കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലും കേന്ദ്രപൊതുമേഖലയിലും ഓരോ വര്‍ഷവും ഒന്നേകാല്‍ ലക്ഷത്തോളം ഒഴിവുകള്‍ വരും. ഈ ഒഴിവുകള്‍ നികത്താന്‍ അന്‍പതിലേറെ പരീക്ഷകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സണല്‍ സെലക്ഷന്‍ തുടങ്ങി ഇരുപതോളം റിക്രൂട്ടിങ് ഏജന്‍സികളുമുണ്ട്. ഓരോ വര്‍ഷവും രണ്ടരക്കോടിയോളം ഉദ്യോഗാര്‍ഥികളാണ് ഈ പരീക്ഷകള്‍ എഴുതുന്നത്. അപേക്ഷ അയക്കാനും യാത്ര, താമസം തുടങ്ങിയവയ്ക്കുമുള്ള ചെലവ്, പരീക്ഷാക്രമക്കേടുകള്‍, സിലബസുകളിലെ വ്യത്യാസം, ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുമുണ്ട്. ഇതെല്ലാം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഒറ്റ യോഗ്യതാപരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
എന്താണ് സിഇടി ?
കേന്ദ്രസര്‍ക്കാരിലേയും പൊതുമേഖലാബാങ്കുകളിലേയും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ, അഥവാ നോണ്‍ ഗസ്റ്റഡ് തസ്തികകളിലെ നിയമനത്തിനുള്ള ഓണ്‍ലൈന്‍ യോഗ്യതാപരീക്ഷയാണ് സിഇടി. പുതുതായി രൂപീകരിക്കുന്ന ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് പൊതുയോഗ്യതാപരീക്ഷ നടത്തുന്നത്. ആദ്യഘട്ടത്തില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സണല്‍ സെലക്ഷന്‍ എന്നിവയെ ദേശീയറിക്രൂട്ട്മെന്റ് ഏജന്‍സിക്ക് കീഴിലാക്കും. ക്രമേണ എല്ലാ നിയമനങ്ങളും സിഇടിയുടെ അടിസ്ഥാനത്തിലാകും. കോമണ്‍ എലിജിബിലിറ്റി ടെസ്റ്റില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമനിയമനത്തിനുള്ള പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയൂ. ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായപരിധി കഴിയുംമുന്‍പ് എത്രതവണ വേണമെങ്കിലും സി.ഇ.ടി. എഴുതാം. ഓരോതവണ നേടുന്ന സ്കോറിനും മൂന്നുവര്‍ഷം സാധുതയുണ്ടാകും. ഏറ്റവും മികച്ച സ്കോറായിരിക്കും റിക്രൂട്ട്മെന്റിന് പരിഗണിക്കുക.
ഒരുവര്‍ഷം രണ്ടുതവണ സിഇടി പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ സിഇടി പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. ബിരുദം, പ്ലസ് ടു, പത്താംക്ലാസ് യോഗ്യതകള്‍ ഉള്ളവര്‍ക്കായി വെവ്വേറെ പരീക്ഷകളുണ്ടാകും. മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ പരീക്ഷയെഴുതാം. ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നിയമനത്തിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് പരീക്ഷ നടത്തിയിരുന്നത്. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു പരീക്ഷാകേന്ദ്രമെങ്കിലും ഉണ്ടാകും. 117 പിന്നാക്കജില്ലകളില്‍ ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി പരീക്ഷയ്ക്കുള്ള അടിസ്ഥാനസൗകര്യമൊരുക്കും. പരീക്ഷ എഴുതാന്‍ സ്വന്തം ജില്ലവിട്ട് യാത്രചെയ്യേണ്ടിവരില്ല എന്നാണ് ഗുണം. ഭാവിയില്‍ ഉദ്യോഗാര്‍ഥികള്‍ക്കുതന്നെ സ്വന്തം പരീക്ഷ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുംവിധം സംവിധാനം വികസിപ്പിക്കും.
പൊതുയോഗ്യതാപരീക്ഷയ്ക്ക് ഏകീകൃതസിലബസായിരിക്കും. നിശ്ചിതനിലവാരത്തിലുള്ള ചോദ്യബാങ്ക് അടിസ്ഥാനമാക്കിയാണ് പരീക്ഷനടത്തുക. തട്ടിപ്പ് ഒഴിവാക്കാന്‍ ഓരോ ഉദ്യോഗാര്‍ഥിക്കും ലഭിക്കുന്ന ചോദ്യപ്പേപ്പര്‍ വ്യത്യസ്തമായിരിക്കും. ഇതിനുള്ള ആല്‍ഗരിതം നാഷണല്‍ റിക്രൂട്ടിങ് ഏജന്‍സിയുടെ സെന്‍ട്രല്‍ സര്‍വറില്‍ സജ്ജമാക്കും.
എന്താണ് ദേശീയറിക്രൂട്ട്മെന്റ് ഏജന്‍സി ?
സൊസൈറ്റി നിയമപ്രകാരം രൂപീകരിക്കുന്ന സൊസൈറ്റി ആയാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി പ്രവര്‍ത്തിക്കുക. സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സണല്‍ സെലക്ഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ഏജന്‍സിയിലുണ്ടാകും. എന്‍ആര്‍എ സ്ഥാപിക്കാന്‍ കേന്ദ്രം 1517 കോടി 57 ലക്ഷം രൂപ വകയിരുത്തി. ആദ്യമൂന്നുവര്‍ഷത്തേക്കാണ് ഈ തുക. ഉദ്യോഗാര്‍ഥികളുടെ സംശയങ്ങളും പരാതികളും പരിഹരിക്കാന്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ഉണ്ടാകും. ഗ്രാമീണ–പിന്നാക്ക മേഖലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേകസഹായം നല്‍കാനും സംവിധാനമൊരുക്കും. 117 പിന്നാക്കജില്ലകളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങും ഉറപ്പുനല്‍കിയിട്ടുണ്ട്.
എന്താണ് സര്‍ക്കാരിനുള്ള നേട്ടം ?
പലതരം പരീക്ഷകള്‍ ഒഴിവാക്കുന്നതുവഴി ഒരുവര്‍ഷം അറുന്നൂറുകോടിരൂപ ലാഭമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഒഴിവുകള്‍ വേഗത്തില്‍ നികത്താനും പരീക്ഷാക്രമക്കേടുകളും ചോദ്യച്ചോര്‍ച്ചയും പോലെയുള്ള തലവേദനകള്‍ കുറയ്ക്കാനും സാധിക്കും. സംസ്ഥാനസര്‍ക്കാരുകള്‍ക്കും സിഇടി സ്കോര്‍ അടിസ്ഥാനമാക്കി നിയമനം നടത്താമെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. മാത്രമല്ല ഭാവിയില്‍ സ്വകാര്യറിക്രൂട്ട്മെന്റിനും സിഇടി സ്കോര്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കാന്‍ നീക്കമുണ്ട്. ഫലപ്രദമായി നടപ്പാക്കാനായാല്‍ തൊഴിലന്വേഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് സിഇടി, എന്‍ആര്‍എ നിര്‍ദേശങ്ങള്‍.