രാമായണ കഥാഭാഗം ആസ്പദമാക്കി വെങ്കലത്തില്‍ തീര്‍ത്ത രാമായണ വിളക്ക് കാണാം. കണ്ണൂരിലെ പരേതനായ ശില്‍പി കുഞ്ഞിമംഗലം നാരായണനാണ് നിര്‍മിച്ചത്. രാമായണം പ്രമേയമാക്കിയുണ്ടിക്കിയ ലോകത്തിലെ ആദ്യത്തെ വിളക്കാണിത്. 

രാമായണത്തിലെ ശ്രീരാമ പട്ടാഭിഷേകമാണ് പ്രമേയം. ശ്രീരാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ , ജാംബവാന്‍ തുടങ്ങിയവരുടെ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് വിളക്ക് നിര്‍മിച്ചത്. ഹനുമാന്‍റെ രാമ ഭക്തി വിളിച്ചോതുന്ന വിവിധ ഭാവങ്ങളും ദേവതമാരുടെ സന്തോഷവും ചെറു ശില്‍പങ്ങളായി കാണാം. ഒരു വര്‍ഷമെടുത്താണ്  കുഞ്ഞിമംഗലം നാരായണന്‍ വിളക്ക് പൂര്‍ത്തിയാക്കിയത്.  അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് വിളക്കിന് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. അച്ഛന്‍റെ മരണ ശേഷം, മകനും ശില്‍പിയുമായ ചിത്രന്‍ കുഞ്ഞിമംഗലമാണ് രാമായണ വിളക്ക് സംരക്ഷിക്കുന്നത്.

പ്രത്യേക അളവിലും ശൈലിയിലും ഭംഗിയിലുമാണ് നിര്‍മാണമെന്നതും ശ്രദ്ധേയം.പൂര്‍ണമായും വെങ്കലത്തില്‍ തീര്‍ത്ത വിളക്കിന് അഞ്ചടി ഉയരമുണ്ട്. മുപ്പതു കിലോഗ്രാം തൂക്കവും. രാമായണ വിളക്കിനെ കുറിച്ച് കേട്ടറിഞ്ഞ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഫോണില്‍ വിളിച്ച് അന്വേഷിക്കാറുണ്ട്.