തൃശൂർ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കതിരിക്കണമെങ്കിൽ ഉടൻ വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു.
തൃശൂർ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി എടുക്കണമെന്ന് സർക്കാരിനോട് നിർദേശിച്ച് കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒമ്പത് മാസം പിന്നിട്ടിട്ടും സർക്കാരിൻറെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും ഹൈക്കോടതിയിലെത്തി. ഉത്തരവ് നടപ്പാക്കാൻ സർക്കാർ രണ്ടാഴ്ച കൂടി സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഉത്തരവ് നടപ്പാക്കാൻ വീഴ്ച വരുത്തിതിന് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിന് നോട്ടിസ് അയക്കാനും കോടതി നിർദേശിച്ചു. തൃശൂർ നഗരവാസിളെ ബാധിക്കുന്ന അതീവ ഗൌരവുമുള്ള വിഷയമാണ് വെള്ളക്കെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നടപ്പാക്കപ്പെടുന്നുവെന്ന് നെഞ്ചിൽ കൈവച്ച് പറയാൻ കഴിയുമോയെന്ന് ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ ചോദിച്ചു. തൃശൂർ നഗരസഭാ കൌൺസിലർ ആയ എ.പ്രസാദ് ആണ് സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ആറാഴ്ചയ്ക്കം വിദഗ്ദ സമിതി രൂപീകരിച്ച്, ഈ സമിതിയുടെ നിർദേപ്രകാരം വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി എടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നവംബറിലെ ഉത്തരവ്.