പോത്തൻകോട് ജംക്ഷനിലെ ഫാബുലസ് സ്റ്റിച്ചിങ് സെന്റർ ഉടമ പുതുപ്പള്ളിക്കോണം ഫാബുലസ് ഹൗസിൽ സന്തോഷിന്റെ ഭാര്യ ബിന്ദു(45) സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയിൽ നിന്നു വീണു മരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. ഒന്നാം നിലയിലെ ഇടനാഴിയുടെ ഒരു വശത്തെ ഗ്രില്ല് മുറിച്ചു മാറ്റിയത് അറിയാതെ ബിന്ദു വിടവിലൂടെ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ബിന്ദുവിനെ ഭർത്താവും സ്ഥാപനത്തിലെ ജീവനക്കാരും ചേർന്ന് ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൾ അപർണ . മരുമകൻ ജിജോ കുര്യൻ.
ഒന്നര മാസം മുൻപായിരുന്നു മകളുടെ വിവാഹം. തങ്കപ്പൻ്റെയും ലില്ലിയുടെയും മകളാണ് ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അയിരൂപ്പാറ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് കെട്ടിടം മാറിയതിനെത്തുടർന്ന് ലോക്കറുകൾ കൊണ്ടു പോകുന്നതിന് വഴിയൊരുക്കാനാണ് ഗ്രില്ല് പൊളിച്ചുമാറ്റിയതെന്ന് സമീപ കടകളിലെ ജീവനക്കാർ പറഞ്ഞു. കെട്ടിട സമുച്ചയത്തിൻ്റെ ഉടമയും സ്ഥലത്ത് ഉണ്ടായിരുന്നു. ദുരന്തം നടന്ന ശേഷം പൊലീസെത്തും മുമ്പ് ഗ്രില്ല് വിളക്കിച്ചേർത്തത് പൊലീസ് അന്വേഷിക്കുന്നു. ഗ്രിൽ മുറിച്ചു മാറ്റിയ ഭാഗത്ത് അപകടം ഒഴിവാക്കാൻ മുൻകരുതൽ എടുക്കാത്തതാണ് ദുരന്തത്തിനു വഴി വച്ചത്.
' മോളേ അതു വഴി പോകുമ്പോൾ സൂക്ഷിക്കണേ' എന്നു മകൾ ബിന്ദുവിനെ ഓർമിപ്പിച്ച ശേഷം പിതാവ് തങ്കപ്പൻ ഗ്രില്ലില്ലാത്ത ഭാഗത്ത് കയറു കെട്ടാനൊരുങ്ങവെയാണ് ദുരന്തം നടന്നത്. നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ കണ്ട കാഴ്ചയുടെ നടുക്കത്തിലാണ് ഇപ്പോഴും ജീവനക്കാരികളായ അസീന, അജിത, ഷീന, സുനിത എന്നിവർ. ഓടിച്ചെല്ലുമ്പോൾ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു.