പെട്ടിമുടിയിലെ മണ്ണിടിച്ചില്‍ ദുരന്തം ഒരു രാത്രി പിന്നിട്ടതിന് ശേഷമാണ് പുറം ലോകമറിയുന്നതെങ്കില്‍, ഗ്യാപ്പ് റോഡിന് താഴെ മുട്ടുകാട് നിവാസികളുടെ ദുരിതം ഇനിയും പുറം ലോകം അറിഞ്ഞിട്ടില്ല. അൻപതിലധികം കര്‍ഷകരുടെ കൃഷിയിടവും വീടുകളും മഴവെള്ളപ്പാച്ചിൽ കൊണ്ടുപോയി. പതിറ്റാണ്ടുകളായി കുന്നിൻ ചെരുവിൽ അധ്വാനിച്ച് ഉണ്ടാക്കിയ കൃഷി ഉരുൾപൊട്ടലിൽ ഒലിച്ചുപോയതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണ് നാട്ടുകാർ.
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് ഗ്യാപ് റോഡിൽ നിന്നും ഉരുള്‍പൊട്ടലുണ്ടായി പത്തുകിലോമീറ്ററോളം താഴേയ്ക്കുള്ള കൃഷിയിടങ്ങള്‍ പാടേ തകര്‍ന്നത്. വന്‍സ്‌ഫോടന ശബ്ദ്‌ത്തോടെ നാല് തവണയായി ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
മുകളില്‍ നിന്ന് പത്ത് കിലോമീറ്ററോളം വന്‍പാറകല്ലുകളും ചെളിയും വന്മരങ്ങളും ഒഴുകിയെത്തിയിട്ടുണ്ട്. അമ്പതോളം കര്‍ഷകരുടെ നൂറ്റിഅമ്പതേക്കറളം വരുന്ന കൃഷിയാണ് നശിച്ചത്. അടിവാരത്തുണ്ടായിരുന്ന വീടും ഭാഗികമായി തകര്‍ന്നു. തോട് ഗതിമാറി ഒഴുകിയതാണ് വീട് തകരാന്‍ കാരണം. ഉരുള്‍പൊട്ടലുണ്ടായി ദിവസങ്ങള്‍ പിന്നിടുമ്പോളും ആരും മലകയറി ഇവിടെ എത്തിയിട്ടില്ല.