രാജമല പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ ഹാം റേഡിയോ കൺട്രോൾ റൂം സൗകര്യം ഒരുക്കി കടവന്ത്ര ഗാന്ധിനഗർ ഫയർസ്റ്റേഷൻ. പെട്ടിമലയിൽ നിന്നുള്ള ആശയവിനിമയം ദുഷ്കരമായ സാഹചര്യത്തിലാണ് സന്ദേശങ്ങൾ കൈമാറുന്നതിനും രക്ഷാപ്രവർത്തനം ഏകോപിക്കുന്നതിനമായി ഹാം റേഡിയോ സംവിധാനം ഒരുക്കിയിട്ടുള്ളത്.
പെട്ടിമുടിയിൽ ഉരുൾപ്പൊട്ടിയത് പുറംലോകമറിയാൻ മണിക്കൂറുകൾ വൈകിയതാണ് ഇത്രയധികം മനുഷ്യജീവനുകൾ നഷ്ടപ്പെടാൻ കാരണമായത്. മണ്ണിനടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിൽ ഒരു തരത്തിലുള്ള വീഴ്ച്ചയും സംഭവിക്കാതിരിക്കാനാണ് ഹാം റേഡിയോ കൺട്രോൾ റും തുടങ്ങിയിരിക്കുന്നത്. വാർത്താവിനിമയ സംവിധാനങ്ങൾ താറുമാറായ പെട്ടിമുടിയിലെ രക്ഷാപ്രവർത്തകരുമായി അഗ്നിശമനസേന നിലയങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് ഇപ്പോൾ അനായാസം ബന്ധപ്പെടാം. സിവിലിയൻ സേനാംഗങ്ങളാണ് ഹാം റേഡിയോ സംവിധാനം കൈകാര്യം ചെയ്യുന്നത്.
2004 ഡിസംബറിലുണ്ടായ സുനാമിയിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽ നിന്ന് ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു ആശയവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു.