മഴ കനത്തതോടെ കൊച്ചി തുരുത്തേൽ കനാലിന് സമീപം താമസിക്കുന്നവരുടെ ജീവിതം ദുസ്സഹമായി. 69 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലേക്കുള്ള ഏക റോഡിൽ കനാലിലെ മലിനജലം നിറഞ്ഞൊഴുകി വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
വെണ്ണല പാലച്ചുവട് റോഡിലെ തുരുത്തേൽ കനാലിന് സമീപത്തെ ഫ്ലാറ്റിലേക്കുള്ള വഴിയാണിത്. പാലച്ചുവട് റോഡ് പുതുക്കിപ്പണിതതോടെയാണ് ഫ്ലാറ്റ് നിവാസികൾ ദുരിതത്തിലായത്. ജില്ലാ കലക്ടർക്ക് പരാതി നൽകിയപ്പോൾ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലുൾപ്പെടുത്തി പരിഹരിക്കാമെന്നായിരുന്നു മറുപടി. കോർപ്പറേഷനും പിഡബ്ല്യുഡിയും കൈമലർത്തി. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ 95 വയസുള്ളവർ വരെ താമസിക്കുന്ന ഫ്ളാറ്റിന് ചുറ്റും മലിനജലം കെട്ടിനിൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുമെന്നതും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു.