രാജ്യസഭാസീറ്റ് ഉറപ്പിച്ച് എല്‍.ജെ.ഡി. എം.വി.ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന് എല്‍ജെഡി വ്യക്തമാക്കി. കര്‍ഷകകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയെ സ്ഥാനാര്‍ഥിയായി യുഡിഎഫ് തീരുമാനിച്ചു.
എം.പി.വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന രാജ്യസഭാസീറ്റില്‍ രണ്ടുവര്‍ഷത്തില്‍ താഴെ കാലാവധി മാത്രമേ അവശേഷിക്കുന്നുള്ളു. കാലാവധി കഴിഞ്ഞാല്‍ വീണ്ടും സീറ്റ് ചോദിക്കരുതെന്ന ആവശ്യമാണ് സിപിഎം എല്‍ജെഡിക്കുമുന്നില്‍ വച്ചിരിക്കുന്നത്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരെ കണ്ടപ്പോള്‍ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ അനുകൂലമറുപടിയാണ് ലഭിച്ചതെന്ന് എല്‍ജെഡി നേതാക്കള്‍ വ്യക്തമാക്കി. രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി സംസ്ഥാനഅധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാറിനെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
തോല്‍വി ഉറപ്പാണെങ്കിലും മല്‍സരിക്കാനാണ് യുഡിഎഫ് തീരുമാനം. ഇടതുമുന്നണി സ്ഥാനാര്‍ഥി മല്‍സരമില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. എന്നാല്‍ കേരളകോണ്‍ഗ്രസിലെ തമ്മിലടി വോട്ടിങ്ങില്‍ പ്രതിഫലിക്കുമോയെന്ന ആശങ്ക ചിലനേതാക്കള്‍ക്കുണ്ട്.