bala-30

ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ യാത്രയില്‍ വാഹനം ഓടിച്ചത് ആരാണെന്നത് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങാന്‍ സി.ബി.ഐയുടെ ആലോചന. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിന് വിരുദ്ധമായി ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന് ആരോപിച്ച് ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍ സമീപിച്ചതിനാലാണിത്. അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന  ആക്ഷേപം അന്വേഷിക്കണമെന്ന് ബാലഭാസ്കറിന്റെ പിതാവ് സി.കെ. ഉണ്ണി മനോരമ ന്യൂസിനോട് പറഞ്ഞു.

ബാലഭാസ്കറിന്റെയും മകളുടെയും അപകട മരണമെന്നാണ് പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍. ബാലഭാസ്കര്‍ കാറിന്റെ നടുക്കുള്ള സീറ്റിലും ഭാര്യ ലക്ഷമിയും മകള്‍ തേജസ്വിനി ബാലയും മുന്നിലെ സീറ്റിലും ഇരുന്നപ്പോള്‍ ഡ്രൈവര്‍ അര്‍ജുന്‍ നൂറ് കിലോമീറ്ററിലേറെ വേഗതയില്‍ വാഹനം ഓടിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. എന്നാല്‍ അപകടം ആസൂത്രിതമെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് കേസ് സി.ബി.ഐയില്‍ എത്തിയത്. 

വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നും അപകടത്തില്‍പെടുത്തിയതിന് ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍ ഒരാഴ്ച മുന്‍പ് കോടതിയെ സമീപിച്ചു. പ്രകടമായ ഈ സംശയം ദുരൂകരിച്ചുകൊണ്ട് അന്വേഷണം തുടങ്ങാനാണ് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന്റെ ആലോചന. അപകടത്തെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി കലാഭവന്‍ സോബിയും രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തിലെ പ്രതി സരിത്തിനെ അപകടസമയത്ത് റോഡില്‍ കണ്ടെത്താണ് ആരോപണം. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും മറ്റൊരു സ്വര്‍ണക്കടത്തില്‍ പ്രതികളായിട്ടുള്ളതിനാല്‍ ഈ ആരോപണവും അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.