fareed-home

കയ്പമംഗലം: സ്വർണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന്റെ കയ്പമംഗലത്തെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയതു സർവ സന്നാഹങ്ങളോടെ. വീടിന്റെ മുൻവാതിൽ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ പൊളിക്കാൻ ആശാരിയെ എത്തിച്ചിരുന്നു. തിരച്ചിലിനു സാക്ഷിയാകാൻ വില്ലേജ് ഓഫിസറെയും വിളിച്ചുവരുത്തി. വിശദ പരിശോധന നടത്തേണ്ടതിനാൽ കംപ്യൂട്ടറും ഹാർഡ് ഡിസ്കും അനുബന്ധ രേഖകളുമായി മാധ്യമപ്രവർത്തകർക്കു പിടികൊടുക്കാതെ അതിവേഗം മടങ്ങി.

 

ലോക്കൽ പൊലീസിനെ വിവരമറിയിക്കാതിരുന്ന കസ്റ്റംസ് സംഘം വില്ലേജ് ഓഫിസർ മരിയ ഗൊരേത്തി, അസിസ്റ്റന്റ് ഓഫിസർ വി.എ.മുരുകൻ എന്നിവരോടു സ്ഥലത്തെത്താൻ നിർദേശിച്ചിരുന്നു. ഒന്നരവർഷമായി പൂട്ടിക്കിടന്ന വീടിന്റെ മുൻവാതിൽ ബന്ധുവിനെ വിളിച്ചു വരുത്തി താക്കോലുപയോഗിച്ചാണു തുറന്നത്. ഉള്ളിലെ മുറികളും അലമാരകളും തുറക്കാൻ ആശാരിയുടെ സഹായം തേടി.

 

ആശാരിയെ കണ്ടെത്തിയതു പോലും അതീവരഹസ്യമായാണ്. താക്കോൽ ലഭിച്ചില്ലെങ്കിൽ വീടിന്റെ മുൻവാതിലും പൊളിക്കാൻ തയ്യാറായിരുന്നു. നാലുമണിക്കൂറിനു ശേഷം  അഞ്ചരയോടെയാണു പരിശോധന പൂർത്തിയാക്കി സംഘം പുറത്തിറങ്ങിയത്. കംപ്യൂട്ടറിനും ഫയലുകൾക്കുമൊപ്പം കാർഡ് ബോർഡ് പെട്ടിയിൽ ചില വസ്തുക്കളും സംഘം കൊണ്ടുപോയി. 20 വർഷത്തോളമായി ദുബായിലുള്ള ഫൈസൽ ഫരീദ് ഒന്നരവർഷം മുൻപാണ് നാട്ടിൽ വന്നത്. പിന്നീട് വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.