വൈദ്യുതി ബസ് നിര്‍മാണം വിവാദമായതിന് പിന്നാലെ ഹൈഡ്രജന്‍ ബസുകള്‍ പരീക്ഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം കൊച്ചി ദേശീയ പാതയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ വാഹനങ്ങള്‍ ഒാടിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം സര്‍ക്കാരിന് അനുമതി നല്‍കി.
ഇന്ധനം ഉല്‍പാദിച്ചും വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തും ആറുമാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യം. സ്വിറ്റ്സര്‍ലന്‍ഡ് കമ്പനിയുമായി ചേര്‍ന്ന് വൈദ്യുതി ബസുകള്‍ നിര്‍മിക്കാനുള്ള പദ്ധതി വിവാദമായതിന് പിന്നാലെയാണ് ഹൈഡ്രജന്‍ വാഹന പരീക്ഷണവുമായി സര്‍ക്കാരിറങ്ങുന്നത്. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും വ്യവസായ മന്ത്രിയും നടത്തിയ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ അവിടുത്തെ
കമ്പനികളുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു.കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമമായ ഇവോള്‍വിലും ജപ്പാന്‍ കമ്പനികള്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് സര്‍ക്കര്‍ ഉപരിതല ഗതാഗതമന്ത്രാലയത്തെ
സമീപിച്ചത്. ഇത് അംഗീകരിച്ച കേന്ദ്രം പരീക്ഷണത്തിന് ഉപാധികളോടെ അനുമതിയും നല്‍കി. അപകട സാധ്യതയുള്ള ഇന്ധമായതിനാല്‍ അതീവ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയേ പരീക്ഷണം ഒാട്ടം നടത്താവുവെന്നാണ് നിര്‍ദേശം. ഇന്ധന കമ്പനികളോ അനര്‍ട്ടുമായും ഹ്രൈഡജന്‍ ഉല്‍പാദനം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് വീതം കാറുകളും ബസുകളും വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യാനാണ് ഉദ്ദേശം. കാറിന് നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയും ബസിന് ഒന്നരക്കോടിയോളം രൂപയുമാണ് വില. ഒരു ഫുള്‍ടാങ്ക് നിറച്ചാല്‍ കാറിന് അഞ്ഞൂറ് കിലോമീറ്ററോളം ഒാടാന്‍
ആകുമെന്നുമാണ് വിലയിരുത്തല്‍. ജപ്പാന്‍ മാത്രമാണ് നിലവില്‍ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പോലും പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ്. അങ്ങനെയിരിക്കെ എല്‍.എന്‍.ജിയും സി.എന്‍.ജിയും ഏറ്റവും ഒടുവില്‍ വൈദ്യുതി ബസുകളും വിജയിക്കാത്ത സംസ്ഥാനത്താണ് കോടികള്‍ മുടക്കി വീണ്ടുമൊരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരുന്നത്.