answersheet-05

കൊല്ലം മുട്ടറ സ്കൂളിലെ പ്ല്സ്ടു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് കാണാതായതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസിനോടും തപാല്‍ വകുപ്പിനോടും റിപ്പോര്‍ട്ട് തേടി. പ്രശ്നം നാളെ (തിങ്കളാഴ്ച്ച) ഹയർ സെക്കൻഡറി പരീക്ഷാ ബോർഡ് ചര്‍ച്ച ചെയ്യും. ഉത്തരക്കരടലാസ് കാണാതായതിനെതിരെ എസ്എഫ്ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.

 

ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ മുട്ടറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 61 വിദ്യാർഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തര കടലാസാണ് കാണാതായത്. പരീക്ഷാ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തരക്കടലാസ് ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. പൊലീസും തപാല്‍ വകുപ്പും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല.  ഹയര്‍സെക്കണ്ടറി പരീക്ഷാ ബോര്‍ഡിലാണ് ഇനി കുട്ടികളുടെ ഭാവി. മാർക്ക് നൽകി പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. മാനദണ്ഡം ബോർഡ് തീരുമാനിക്കും. തപാൽവകുപ്പിന്റെ പക്കൽ നിന്നാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെ‍ട്ടതെന്നാണ് സൂചന. സ്കൂളിന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്.