പാലക്കാട് വനമേഖലയിൽ ചെരിഞ്ഞ ഗർഭിണിയായ ആന കൊടും പട്ടിണിയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വയറ്റിൽ ഭക്ഷണത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. രണ്ടാഴ്ചയ്ക്ക് മുമ്പാകാം സ്ഫോടനം നടന്നതെന്നും അതിനുശേഷം ഭക്ഷണം കഴിച്ചിട്ടില്ലെന്നുമാണ് അനുമാനം. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെങ്കിലും പട്ടിണിയിലായതിന്റെ ക്ഷീണവും അവശതയുമുണ്ടായിരുന്നുവെന്ന് വനപാലകർ പറയുന്നു.
വായിലെ മുറിവിൽ പുഴുവരിച്ചിരുന്നു. സ്ഫോടനത്തിൽ വായും നാവും എല്ലാം തകർന്നിരുന്നു. സ്ഫോടക വസ്തുവിന്റെ അംശവും വയറ്റിൽ നിന്ന് കണ്ടെടുക്കാനായില്ല.
24 നാണ് വനപാലകർ ആനയെ ആദ്യം കണ്ടത്. തിരികെ കാട്ടിലേക്ക് കയറ്റി വിടാൻ ശ്രമിച്ചുവെങ്കിലും തിരിച്ചു വന്നു. 25 ന് ഡോക്ടറെത്തി മയക്കുവെടി വയ്ക്കാൻ ആലോചിച്ചപ്പോൾ അത് താങ്ങാനുള്ള ശേഷി ഇല്ലെന്നും കണ്ടെത്തി. കൊടും വേദനയ്ക്കൊടുവിൽ മേയ് 27 ന് പുഴയിൽ നിന്ന് ചെരിയുകയായിരുന്നു. സൈലന്റ് വാലി വനമേഖലയിൽ നിന്ന് എത്തിയ പിടിയാനയ്ക്ക് 15 വയസോളം പ്രായമുണ്ടായിരുന്നു.