നെടുമ്പാശേരി പഞ്ചായത്ത് സാമൂഹിക അടുക്കളയില്‍ ചെലവാകാതെവന്ന തുക നടത്തിപ്പുകാര്‍ വീതിച്ചെടുത്തുവെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകുന്നു .  എല്‍.ഡി.എഫ് ഭരിക്കുന്ന നെടുമ്പാശേരി പഞ്ചായത്തില്‍ CPM ലോക്കൽ കമ്മിറ്റി അംഗവും DYFI ബ്ലോക്ക് വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ക്കെതിരെയാണ് ആരോപണം. സാമൂഹിക അടുക്കളയില്‍ ചെലവാകാതെവന്ന അറുപത്തിയേഴായിരത്തി ഇരുന്നൂറ് രൂപ ‌വീതിച്ചെടുത്തതിനിടെ 

സംഘത്തിലെ ഒരാള്‍ പിന്മാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സാമൂഹിക അടുക്കളയുടെ നടത്തിപ്പ് പ്രതിഫലം പറ്റാത്ത സന്നദ്ധസേവനമാകണമെന്ന് മുഖ്യമന്ത്രിയടക്കം ആവർത്തിച്ചു പറഞ്ഞിരുന്നതിനിടെയാണ് നെടുമ്പാശേരി പഞ്ചായത്തിലെ സംഭവം അപവാദമായത്.  നിരവധി വ്യകതികളും സംഘടനകളും കയ്യയച്ച് സംഭാവന ചെയ്ത നെടുമ്പാശേരിയിലെ സാമൂഹിക 

അടുക്കള മുപ്പത്തിയേഴ് ദിവസമാണ് പ്രവർത്തിച്ചത്.  നെടുമ്പാശേരി വിമാനത്താവള കമ്പനിയും CSR ഫണ്ടിൽനിന്ന്് രണ്ട്  ലക്ഷം രൂപ അടുക്കളയിലേക്ക് നൽകിയിരുന്നു. ഇതില്‍ ബാക്കിവന്ന തുകയാണ് നടത്തിപ്പുകാരായവര്‍ വീതിച്ചെടുത്തുവെന്ന ആരോപണമുണ്ടായത്. സി പി എം മുൻ ലോക്കൽ സെക്രട്ടറിയുടെ ഭാര്യ തനിക്ക് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍  പ്രചരിപ്പിച്ചതോടെയാണ് ബാക്കിയുള്ളവര്‍ തുക വീതംവച്ചുവെന്ന് ആരോപണത്തില്‍ പ്രതിഷേധമുയര്‍ന്നത്.  വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ബിജെപിയും പഞ്ചായത്ത് ഒാഫീസിന് മുൻപിൽ ധർണ നടത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും  യൂത്ത് കോൺഗ്രസും ബിജെപിയും അറിയിച്ചു.