കോവിഡിനൊപ്പം പാമ്പിനെയും ചുറ്റിപ്പറ്റിയാണ് നാട്ടിൽ ചൂടേറിയ ചർച്ചകൾ. ഈ പൊല്ലാപ്പുകൾക്കിടയിൽ 22 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളാണ് കോട്ടയം വനം വകുപ്പ് ഓഫിസിൽ പിറന്നത്. കാവാലത്തു നിന്ന് വാച്ചറായ അഭീഷ് കണ്ടെത്തിയ പാമ്പിന്‍ മുട്ടകളാണ് വിരിഞ്ഞത്. നാട്ടിൽ നടക്കുന്ന പുകിലൊന്നും അറിയാതെയാണ് വരവ്. പാത്തും പതുങ്ങിയും എല്ലാവരും പുറത്തിറങ്ങാൻ പത്ത് പതിനെട്ട് മണിക്കൂറെടുത്തു.
ഒരു മാസം മുൻപ് പിടികൂടിയ പെരുമ്പാമ്പിനോടൊപ്പം കിട്ടിയ മുട്ടകൾ വനം വകുപ്പ് ഓഫിസിൽ സൂക്ഷിച്ച് വരികെയാണ് പിറവി. ഇത്തിരിക്കുഞൻമാരെങ്കിലും ശൗര്യത്തിൽ കേമൻമാരാണ്. 22 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾക്ക് കൂട്ടായി നാട്ടുകാർ ഒരു മൂർഖൻ കുഞ്ഞിനെ കൂടി ഏൽപ്പിച്ചിട്ടുണ്ട്. എല്ലാവരേയും ഒരാഴ്ച കഴിഞ്ഞാൽ കാട്ടിലയക്കും. വില്ലൻമാരാകാൻ തിരിച്ചു വരില്ലെന്ന് പ്രതീക്ഷിക്കാം