TAGS

സംസ്ഥാനത്ത് കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ ഉപയോഗിച്ചവരുടെ എണ്ണം നാല്‍പത്തിയാറ് ലക്ഷം കവിഞ്ഞു. രോഗികള്‍ക്ക് ആരോഗ്യവിവരങ്ങള്‍ സ്വയം അപ്്ലോഡ് ചെയ്യാനുള്ള സംവിധാനവും ഉടന്‍ ആരംഭിക്കും. കോഴിക്കോട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ പോര്‍ട്ടലാണ് സംസ്ഥാനത്തിന്റെ കോവിഡ് നിരീക്ഷണത്തിന്റെ നട്ടെല്ലാകുന്നത്. 

കോഴിക്കോട് കലക്ടറേറ്റിലെ ഈ മുറിയിലിരുന്ന് തയ്യാറാക്കി മാര്‍ച്ച് 21ന് പ്രവര്‍ത്തനം തുടങ്ങിയ പോര്‍ട്ടലാണ് ഇന്ന് നാട്ടുകാരുടെ തിരച്ചില്‍ കന്ദ്രമായി മാറിയിരിക്കുന്നത്. ഒരുദിവസം ഒരുലക്ഷത്തോളം സന്ദര്‍ശകരാണെത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് പാസ് അനുവദിച്ച് തുടങ്ങിയ ആദ്യദിനം അഞ്ചുലക്ഷം ആളുകളാണ് പാസ് തേടിയെത്തിയത്. നാഷണല്‍‌ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും ഐ.ടി മിഷനും സംയുക്തമായാണ് ഇരുപത്തിനാല് മണിക്കൂറും പോര്‍ട്ടല്‍ നിയന്ത്രിക്കുന്നത്.

കോവിഡ് ബാധിച്ചവര്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കും സ്വയം അക്കൗണ്ട് ഉണ്ടാക്കി ആരോഗ്യ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറാനുള്ള സൗകര്യമാണ് അടുത്ത ഘട്ടത്തില്‍ ഒരുക്കുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഇത്തരം ഡേറ്റാ ശേഖരണം പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായകരമാകുമെന്നും എന്‍.ഐ.സി പറയുന്നു.