കെ.എസ്.ആര്‍.ടി.സി. ബസില്‍ പണമിടപാടിന് പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കി ഗതാഗത വകുപ്പ്. യാത്രക്കാരും കണ്ടക്ടറും തമ്മില്‍ സീറോ കോണ്ടാക്ട് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന കാര്‍ഡ് പരീക്ഷണാടിസ്ഥാനത്തില്‍ സെക്രട്ടേറിയേറ്റിലേക്കുള്ള സര്‍വീസുകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
പൊതുഗതാഗതം തുടങ്ങിയതോടെ യാത്രക്കാരെ ഏറെ അലട്ടുന്ന പ്രശ്നമാണ് പണമിടപാട്. യാത്രയില്‍ സാനിറ്റൈസറും മാസ്ക്കും മാത്രം പോര പണമിടപാടും സുരക്ഷിതമാക്കണം. യാത്രക്കാരും കണ്ടക്ടറും തമ്മില്‍ നേരിട്ടുള്ള പണമിടപാട് ഒഴിവാക്കാനാണ് കെഎസ്ആര്‍ടി പ്രീപെയ്ഡ് കാര്‍ഡ് പുറത്തിറക്കിയത്. കാർഡ് ഡിപ്പോയിൽ നിന്നും കണ്ടക്ടറുടെ പക്കൽ നിന്നും വാങ്ങാം. നൂറ് രൂപ മുതല്‍ ചാർജ് ചെയ്യാം. തുക തീരും വരെ കാലപരിധിയില്ലാതെ സൗകര്യം ഉപയോഗിക്കാനാകും. വൈഫൈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇതുപോലെ സ്കാന്‍ ചെയ്താല്‍ മാത്രം മതി.
ആറ്റിങ്ങൽ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് സർവീസ് നടത്തുന്ന ബസുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണം വിജയമായാൽ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും ഈ സംവിധാനം വ്യാപകമാക്കും. ചലോ എന്ന കമ്പനിയാണ് കെഎസ്ആർടിസിക്ക് വേണ്ടി കാര്‍ഡ് നിര്‍മിച്ചത്.