കേരളത്തില്‍ കോവിഡ് പിടിമുറുക്കിയതോടെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ തിരക്കിലായി. നാട്ടുകാരുടെ ആരോഗ്യം ഉറപ്പാക്കാന്‍ ടീച്ചറമ്മ മുന്നിട്ടിറങ്ങി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനവുമായി രണ്ടരമാസത്തോളമായി തിരുവനന്തപുരത്ത് തുടരുന്നു. ഇതോടെ കണ്ണൂര്‍ മട്ടന്നൂരിലെ വീട്ടിലേയ്ക്കുള്ള യാത്രകള്‍ക്ക് നീണ്ട ഇടവേളയുണ്ടായി.
ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭ മുന്‍ അധ്യക്ഷനുമായ ഭാസ്കരന്‍ മാസ്റ്ററും, ഇളയ മകന്‍ ലസിതും കുടുംബവും മട്ടന്നൂര്‍ പഴശിയിലെ വീട്ടിലുണ്ട്. ശൈലജ ടീച്ചര്‍ വീട്ടില്‍ എത്താത്തതില്‍ വലിയ പരിഭവം കൊച്ചുമകള്‍ ഇഫയ ജഹനാര എന്ന ഇപ്പു മോള്‍ക്കാണ്. വീഡിയോ കോളിലൂടെ ടീച്ചര്‍ എന്നും ഇപ്പുവുമായി സംസാരിക്കാറുണ്ടെങ്കിലും അച്ചമ്മയെ നേരിട്ട് കാണാത്തിന്റെ പരിഭവമുണ്ട്. ഇപ്പുവിന്റെ പിണക്കം മാറ്റാനും, വീട്ടുകാരെ ഒന്നുകാണാനും കൂടി വേണ്ടിയാണ് ഒരു ദിവസത്തേയ്ക്ക് മന്ത്രി മട്ടന്നൂരില്‍ എത്തിയത്.
പതിവ് അവലോകനയോഗവും, മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനവും കഴിഞ്ഞ ശേഷം ഇന്നലെ രാത്രി ഒന്‍പതരയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. പുലര്‍ച്ചെ നാലരയോടെ വീട്ടിലെത്തി. യാത്രക്ഷീണം മാറ്റാന്‍ ചെറിയൊരു വിശ്രമം. ഇപ്പുമോള്‍ ഉണര്‍ന്നതോടെ അച്ചമ്മയുടെ ഉറക്കം പോയി. പിന്നെ ഇപ്പുവിന്റെ പരിഭവും വിശേഷങ്ങളും കേട്ടു. ഇതിനിടെ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം.
ഒന്‍പതരയോടെ മന്ത്രിയെ തേടി മാധ്യമപ്രവര്‍ത്തകരെത്തി. അരമണിക്കൂര്‍, കേരളത്തിന്റെ ആരോഗ്യമന്ത്രി തികഞ്ഞ ആത്മവിശ്വാസത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
ജാഗ്രതപാലിച്ചില്ലെങ്കില്‍ ഇതുവരെ നേടിയ മേല്‍കൈ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്. ഈസമയമത്രയും ചെറിയൊരു പരിഭവത്തോടെ ഇപ്പു അച്ചച്ചനൊപ്പമായിരുന്നു. ഭാസ്ക്കരന്‍ മാഷ് അവളെ അനുനയിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അഭിമുഖം അവസാനിച്ചതോടെ ഇപ്പു അച്ചമ്മയുടെ കൈകളിലേയ്ക്ക് ചാടി. ഇതിനിടെ അച്ചമ്മയേയും, കൊച്ചുമകളേയും ക്യാമറയില്‍ പകര്‍ത്താന്‍ ക്യാമറമാന്‍ ജി.എസ്.സുനില്‍ ശ്രമിച്ചെങ്കിലും ചിരിക്കാന്‍ ഇപ്പു തയ്യാറായില്ല.
ചിരിക്കാനൊക്കെ വല്യാ മടിയാണെന്ന്, മുഖത്ത് എപ്പോഴും ആത്മവിശ്വാസത്തിന്റെ ഒരു ചെറുചിരി സൂക്ഷിക്കുന്ന ടീച്ചറമ്മയുടെ കമന്റ്. അച്ചമ്മ മാധ്യമ പ്രവര്‍ത്തരുമായി കുശലം പറഞ്ഞ് തുടങ്ങിയതോടെ ഇപ്പു തോളിലേയ്ക്ക് ചാഞ്ഞു. ആരോഗ്യം സൂക്ഷിക്കണമെന്ന് മാധ്യമപ്രവര്‍ത്തരോട് ആരോഗ്യമന്ത്രിയുടെ ഉപദേശം. കുശലാന്വേഷണം കഴിഞ്ഞപ്പോഴേയ്ക്കും ഇപ്പുമോള്‍ ഉറക്കമായി. കേരളത്തിന്റെ ടീച്ചറമ്മ സ്നേഹമുള്ള അച്ചമ്മയായി ഇപ്പുവുമായി മുറിക്ക് അകത്തേയ്ക്ക്....
വിശ്രമം പ്രതീക്ഷിച്ച് എത്തിയതാണെങ്കിലും ആരോഗ്യമന്ത്രിക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു ഇന്നും. ഇടയ്ക്കിടെ ഔദ്യോഗിക ഫോണ്‍ വിളികള്‍ എത്തിക്കൊണ്ടിരുന്നു. ഇതിനൊപ്പം ആശങ്കകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ വിളികളും എത്തി.
തിരക്കിന്റെ പരാതിയില്ലാതെ എല്ലാത്തിനും ടീച്ചര്‍ മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നു. പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ കോവിഡ് സെല്ലിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ്. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഈ ഘട്ടത്തില്‍ സംസാരിച്ചു. ഒരുമണിക്കൂറോളം നീണ്ടുനിന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷം വീണ്ടും ഇപ്പുമോള്‍ക്കും കുടുംബാംഗങ്ങളുടേയും കൂടെ കുറച്ച് സമയം. ഇതിനിടെ ഉച്ചഭക്ഷണം. ചെറിയൊരു വിശ്രമത്തിന് ശേഷം വൈകീട്ട് മൂന്നുമണിയോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ് അവലോകന യോഗത്തിലും മന്ത്രി പങ്കെടുത്തു.
മന്ത്രി എത്തിയതറിഞ്ഞ് പരിസരവാസികളായ കുറച്ച് പേര്‍ വീട്ടില്‍ എത്തിയിരുന്നു. എല്ലാവരേയും നേരില്‍ കണ്ട് പരാതികള്‍ കേള്‍ക്കാനും ടീച്ചര്‍ സമയം കണ്ടെത്തി. പുലര്‍ച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങും. ഭര്‍ത്താവ് ഭാസ്ക്കരന്‍ മാഷും, കണ്ണൂര്‍ വിമാനത്താവളത്തില്‍ അസിസ്റ്റന്റ് മാനേജരായ ഇളയമകന്‍ ലസിതും നാട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എത്ര തിരക്കുണ്ടായാലും രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടിലെത്താന്‍ ടീച്ചര്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ടീച്ചറുടെ അഭാവത്തില്‍ ഉറ്റവര്‍ക്കെല്ലാം വിഷമമുണ്ട് പക്ഷേ നാടിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലാണ് ടീച്ചര്‍ എന്ന തിരിച്ചറിവില്‍ ആ വിഷമെല്ലാം ഇല്ലാതാകും.
മടങ്ങുമ്പോള്‍ അച്ചമ്മ എപ്പോള്‍ തിരികെവരുമെന്ന ഇപ്പുവിന്റെ ചോദ്യത്തിന് കൃത്യമായൊരുത്തരം ടീച്ചറമ്മയുടെ പക്കലുണ്ടാകില്ല. കാരണം ആരോഗ്യമന്ത്രിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടം കൂടുതല്‍ അപകടകരമാണ്, അതുകൊണ്ടു തന്നെ ജാഗ്രതയും കൂടുതല്‍ വേണം. ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കുന്ന കേരളത്തിന് നേതൃത്വം നല്‍കുന്നതില്‍ ഒരാള്‍ ഇപ്പുവിന്റെ അച്ചമ്മയാണ്. ആ തിരക്കുകള്‍ കാരണമാണ്