കള്ള് ഷാപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി രണ്ടുദിവസം കഴിഞ്ഞിട്ടും ഉത്തര മലബാറില്‍ നാമമാത്രമായ ഷാപ്പുകള്‍ മാത്രമാണ് തുറന്നത്. ആവശ്യത്തിന് കള്ള് ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. അതേസമയം കോവിഡ് രോഗഭീതിയില്‍ മുടങ്ങിയ ഷാപ്പ് ലേലം പതിനേഴിന് ശേഷം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ പൂര്‍ത്തയാക്കാന്‍ ജില്ല കലക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ച കള്ള് ചെത്ത് പുനരാരംഭിച്ചെങ്കിലും ഉല്‍പദാനം നാമമാത്രമാണ്. കള്ള് ഉല്‍പാദനം സാധാരണ നിലയിലെത്താന്‍ രണ്ടാഴ്ചയെങ്കിലും എടുക്കും. കള്ള് ലഭിക്കാതായതോടെ ഉത്തര മലബാറില്‍ കഴിഞ്ഞ രണ്ടു ദിവസവും ചുരുക്കം ഷാപ്പുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. മിക്ക ഷാപ്പുകളിലും ശുചീകരണ ജോലികള്‍ പുരോഗമിക്കുന്നു. തുറന്ന ഷാപ്പുകളില്‍ സാധാരണ അളക്കുന്നതിന്റെ മുന്നിലൊന്ന് കള്ള് പോലും എത്തിയില്ല.
കണ്ണൂരില്‍ 384 കള്ള് ഷാപ്പുകളുള്ളതില്‍ 17 ഷാപ്പുകള്‍ മാത്രമാണ് ലേല നടപടികള്‍ പൂര്‍ത്തികരിച്ചത്. ബാക്കി ഷാപ്പുകളുടെ ലേലം 17 ശേഷം നടത്താനാണ് തീരുമാനം. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.