കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ വ്യാജചാരായം ഹോംഡെലിവറി സൗകര്യത്തോടെ വില്‍പന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. നെല്ലിപ്പാറ സ്വദേശി രാജുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ആലക്കോട് കേന്ദ്രീകരിച്ച് ,മൊബൈല്‍ ഫോണിലൂടെ ഓര്‍ഡര്‍ വാങ്ങി ആവശ്യക്കാര്‍ക്ക് ചാരായം എത്തിച്ച് നല്‍കുന്നതായിരുന്നു രീതി. വില്‍പനക്കായി സൂക്ഷിച്ചിരുന്ന രണ്ടു ലീറ്റര്‍ ചാരയവും പിടിച്ചെടുത്തു.
മൊബൈല്‍ ഫോണിലൂടെ വിളിച്ച് ഇടപാട് ഉറപ്പിക്കുന്നവര്‍ക്ക് പറയുന്ന സ്ഥലത്ത് ചാരായം എത്തിച്ച് നല്‍കുന്നതായിരുന്നു രാജുവിന്റെ രീതി.
ഒരു ലീറ്ററിന് 1200 മുതല്‍ 1500 രൂപ വരെ ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നു. ഓര്‍ഡര്‍ നല്‍കിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ സാധനം എത്തിച്ച് നല്‍കും. ആളുകളെ ജോലിക്ക് വച്ച് രഹസ്യകേന്ദ്രത്തിലായിരുന്നു രാജു വ്യാജവാറ്റ് നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസിന്റെ പരിശോധന.
ഇടപാടുകാരന് ചാരായം എത്തിച്ച് നല്‍കാന്‍ പോകുന്നതിനിടെയാണ് രാജു എക്സൈസ് സംഘത്തിന്റെ വലയില്‍ കുടുങ്ങിയത്. കാഞ്ഞിലേരിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ഒരു വീടിന്റെ വിറക് പുരയില്‍ നിന്ന് വ്യാജചാരായം വാറ്റുന്നതിന് തയ്യാറാക്കി സൂക്ഷിച്ചിരുന്ന എണ്‍പത് ലീറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. ഞൊട്ടൂര്‍ സ്വദേശി മോഹനന്റെ വീട്ടില്‍ നിന്നാണ് വാഷ് പിടിച്ചെടുത്തത്. എക്സൈസ്‍ സംഘം എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. വരും ദിവസങ്ങളിലും മലയോരമേഖലയില്‍ പരിശോധന ശക്തമാക്കാനാണ് എക്സൈസിന്റെ തീരുമാനം.