ലോക്ഡൗണില്‍ കൊച്ചിയില്‍ കുടങ്ങിപ്പോയ ലക്ഷദ്വീപ് നിവാസികളെ തിരികെ കൊണ്ടുപോകുന്ന നടപടികള്‍ അവസാനഘട്ടത്തിലേക്ക്. അഞ്ഞൂറ്റി ഇരുപത്തി രണ്ടുപേരെ തിരികെ ദ്വീപിലെത്തിച്ചു. മിനിക്കോയ് ദ്വീപിലേക്കുള്ള സര്‍വീസ് മാത്രമാണ് ഇനി കൊച്ചിയില്‍നിന്ന് ശേഷിക്കുന്നത്.
ഗ്രീൻ സോണായ ലക്ഷദ്വീപിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് സ്വദേശികളെ തിരികെ എത്തിച്ചു തുടങ്ങിയത്. അഞ്ച് യാത്രാ കപ്പലുകളിലായി 522 പേര്‍ സ്വദേശത്തെത്തി. 129 യാത്രക്കാരുമായി എം.വി.കോറല്‍സ് കപ്പല്‍ ആന്ത്രോത്ത് ദ്വീപിലെത്തിയതാണ് അവസാന ദൗത്യം. ഓരോ കപ്പലിന്റെയും പരമാവധി ശേഷിയുടെ 40% യാത്രക്കാരെ മാത്രം വഹിക്കാനുള്ള അനുമതിയാണുള്ളത്. ചികില്‍സക്കും മറ്റുമായി വൻകരയിലെത്തി കുടുങ്ങിയവർക്ക് കപ്പൽ സർവീസുകള്‍ വലിയ ആശ്വാസമായി. തിരികെയെത്തുന്നവര്‍ ലക്ഷദ്വീപ് പോലീസിന്റെയും ആരോഗ്യ വകുപ്പുന്റേയും കർശന നിരീക്ഷണത്തിൽ 14 ദിവസത്തെ ക്വാറന്റീനില്‍ തുടരണം.
മിനിക്കോയ് ദ്വീപിലേക്കുള്ള 204 യാത്രക്കാരുടെ കോവിഡ് പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് ഇവരെയും സ്വദേശത്തെത്തിക്കും. ദ്വീപുകളിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ളവരെ നോർക്ക രജിസ്ട്രേഷനുശേഷം കൊച്ചിയിലെത്തിക്കുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.