തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി സംസ്ഥാനത്ത് വിപുലമായ ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഒരുങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് മാത്രം എണ്ണായിരം മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. പിവിഎസ് അടക്കം ആശുപത്രികളും ഏറ്റെടുത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കിടക്കയും വിരിയും ഒരാളുടെ ഉപയോഗത്തിനുള്ള പാത്രങ്ങളും, കൂടാതെ മേശ കസേര വരെയുണ്ട്. കൊച്ചി രാജഗിരി കോളജിന്റെ ഈ ഹോസ്റ്റലിന് പുറമെ കളമശേരി എസ്.സി.എം.എസ്. ഹോസ്റ്റല്‍ അടക്കം കേന്ദ്രങ്ങളും ദ്രുതഗതിയില്‍ വൃത്തിയാക്കി ഒരുക്കി.
അത്യാവശ്യ ചികില്‍സക്കുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഭക്ഷണം എത്തിച്ചുനല്‍കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഇവയ്ക്ക് പുറമെയാണ് ക്വാറന്റീന്‍ കേന്ദ്രങ്ങളായി മാറിയ ആശുപത്രികള്‍. കൊച്ചി നഗരത്തില്‍ മാത്രം ഇവ പത്തോളമുണ്ട്. കളമശേരി മെഡിക്കല്‍ കോളജ്, ആലുവ ജില്ലാ ആശുപത്രി, കലൂര്‍ പിവിഎസ് ആശുപത്രി, പശ്ചിമ കൊച്ചിയിലെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രി തുടങ്ങി എല്ലായിടത്തും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
എന്നാല്‍ പ്രവാസികളുടെ വരവ് തുടര്‍ന്നാല്‍ ഇവയും അപര്യാപ്തമാകുമെെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ സംസ്ഥാനത്തെമ്പാടും കൂടുതല്‍ കേന്ദ്രങ്ങള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുകയുമാണ്.