ഇതര സംസ്ഥാനങ്ങളിൽനിന്ന് ബസ് വിളിച്ചു നാട്ടിലേക്ക് വരാനായി തയ്യാറായവർക്ക് കനത്ത വാടക തിരിച്ചടിയാകുന്നു. അമിതമായ വാടകയാണ് മിക്ക ട്രാവൽ ഏജൻസികളും ആവശ്യപ്പെടുന്നത്. പത്ത് ലക്ഷം രൂപയ്ക്ക് ആയിരത്തിലധികം അതിഥി തൊഴിലാളികൾ ട്രെയിൻ മാർഗം നാട്ടിലെത്തുമ്പോഴാണ് ഇരുപത്തിയഞ്ചു പേരുടെ മലയാളി സംഘത്തിന് മൂന്ന് ലക്ഷം രൂപ ബസ് വാടക നൽകേണ്ട സാഹചര്യം ഉണ്ടാകുന്നത്.
ഇതര സംസ്ഥാനങ്ങളിലെ മലയാളികൾക്കായി കേരളം അതിർത്തി തുറന്നെങ്കിലും ട്രെയിൻ സർവീസില്ലാത്തതു കാരണം ആയിരകണക്കിന് ആളുകളാണ് അന്യദേശത്തു കുടുങ്ങിയിരിക്കുന്നത്. സ്വന്തമായി വാഹനമില്ലാത്തവർ വാടകയ്ക്ക് വാഹനം വിളിച്ചു വരേണ്ട സാഹചര്യം. അയൽ സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് ചിലപ്പോൾ ഇത് സാധിച്ചെന്നു വരാം. പക്ഷേ ദൂരെയുള്ളവർക്ക് ഈ മാർഗം തിരഞ്ഞെടുക്കണമെങ്കിൽ ലക്ഷങ്ങൾ ചിലവഴിക്കണം. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ കുടുങ്ങിയ ഇരുപത്തിയഞ്ചോളം മലയാളികൾ നാട്ടിലേക്ക് വരാനായി ഗുജറാത്തിലെ ട്രാവൽ ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ ഒരു ലക്ഷത്തി ഏൺപതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്. വാടക കേട്ട് ഞെട്ടിയതോടെ കേരളത്തിലെ ട്രാവൽ ഏജൻസിയെ വിളിച്ചു. ഒട്ടും കുറച്ചില്ല. മൂന്ന് ലക്ഷം വാടക പറഞ്ഞു. ഇതിനെ പുറമെ വഴി മധ്യേയുളള സംസ്ഥാനങ്ങളിലെ നിയമകുരുക്കുകളെക്കുറിച്ചും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞദിവസം കോഴിക്കോടുനിന്ന് ജാർഖണ്ഡിലേക്ക് ട്രെയിനിൽ പോയ 1175 അതിഥി തൊഴിലാളികൾക്ക് പത്തരലക്ഷം രൂപയാണ് ചിലവായത്. ഇതേ മാതൃകയിൽ മലയാളികളെയും നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം.