mathew-t-thomas

തിരുവല്ല എംഎൽഎ മാത്യു ടി തോമസിന്റെ ഭാവപ്പകർച്ച സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുകയാണ്. നാല് പതിറ്റാണ്ടിലേറെയായി കൊണ്ടുനടന്ന ലുക്കിന് ഒരു ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. താടിയും മീശയും പൂർണമായി വടിച്ചു. ക്‌ളീൻ ഷേവ്. ലോക്ഡൌൺ  കാലത്ത് പുതിയ ലുക്ക് പരീക്ഷിക്കുകയാണ് മലയാളികൾ. എന്നാൽ എംഎൽഎയുടെ പുതിയമുഖത്തിൽ അമ്പരപ്പോടെയാണ് നാട്ടുകാർ നോക്കുന്നത്. കാരണം, ഇങ്ങനെ ഇതുവരെ ഇദ്ദേഹത്തെ കണ്ടിട്ടേയില്ല. 

കോളേജ് വിദ്യാഭ്യാസ കാലം മുതൽ താടിയും മീശയുമാണ് മാത്യു ടി തോമസിന്റെ മുഖമുദ്ര. ജനത പാർട്ടി അധ്യക്ഷനായിരുന്ന ചന്ദ്രശേഖറുടെ താടിയോട് തോന്നിയ ആരാധനയാണ്  താടി വളർത്താൻ കാരണമെന്ന് അദ്ദേഹം പറയുന്നു. 

ഇപ്പോൾ ഇത് വടിക്കാൻ കാരണമുണ്ട്. നീട്ടിവളർത്തിയ താടി കോവിഡ് വൈറസ് ബാധയ്ക്ക് ഇടയാക്കിയേക്കാമെന്ന ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് തീരുമാനം. മണ്ഡലത്തിൽ പലയിടങ്ങളിലും സഞ്ചരിക്കുന്ന സാഹചര്യത്തിൽ റിസ്ക് വേണ്ടന്ന് അദ്ദേഹവും വിചാരിച്ചു. ഒപ്പം ഒരു ചേഞ്ച്‌ ആകട്ടേയെന്നും.