കോവിഡ് പരിശോധനകളിൽ ഇപ്പോൾ വീഴ്ച സംഭവിക്കുന്നുണ്ടോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് മുൻമന്ത്രി ഷിബു ബേബി ജോൺ. കൊല്ലത്ത് നടന്ന ഒരു സംഭവം ഉദാഹരണമായി ഉയർത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിക്കുന്നത്.ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ: കൊല്ലം ചാത്തന്നൂർ പഞ്ചായത്തിലെ മീനാട് വാർഡിലെ മെമ്പറായ കൃഷ്ണകുമാറിനെ 28–ാം തീയതി സ്രവ പരിശോധനയിൽ അദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. 29ന് രാത്രി അദ്ദേഹത്തെ ആംബുലൻസിൽ കോവിഡ് ആശുപത്രി കൂടിയായ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് മൂന്നു ദിവസം കഴിയുമ്പോൾ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞു ഡിസ്ചാർജ് ചെയ്തു. കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് കൊണ്ടുപോയ അദ്ദേഹത്തെ മൂന്നുദിവസം അവിടെ താമസിപ്പിച്ചു. ഇന്ന് നെഗറ്റീവാണെന്ന് പറഞ്ഞ് വിട്ടയക്കുന്നു. വിചിത്രമായ കാര്യങ്ങളാണ് ഇത്. ഇടുക്കിയിലും ഇതു തന്നെയല്ലേ കണ്ടത്. ചാത്തന്നൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വളരെ മുന്നിൽ നിന്ന ഒരു പഞ്ചായത്ത് അംഗത്തെ ആണ് സർക്കാർ ഈ ക്രൂരമായ വിനോദത്തിന് ഇരയാക്കിയത്.
സംസ്ഥാനത്ത് എഴാഴ്ച മികച്ച രീതിയിൽ കോവിഡ് പരിശോധനകൾ നടന്നു. എന്നാൽ എട്ടാമത്തെ ആഴ്ച ആകുമ്പോൾ പരിശോധനയിൽ വലിയ വീഴ്ചകളാണ് കാണുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെടുന്നു.