ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിനകത്ത് പൂരം കൊടിയേറ്റം നടത്തും. പൂരത്തിന്റെ ചടങ്ങുകള്‍ നടത്തണമെങ്കില്‍ കൊടിയേറ്റം വേണമെന്ന തന്ത്രിയുടെ ഉപദേശപ്രകാരമാണ് ചടങ്ങ് നടത്തുക.
ഏപ്രില്‍ 26നാണ് തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗം കൊടിയേറ്റുക. ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടിനാണ് ചടങ്ങ് തുടങ്ങുക. ഭക്തര്‍ക്കു പ്രവേശനമുണ്ടാകില്ല. ക്ഷേത്രത്തിനകത്ത് അഞ്ചു പേരില്‍ താഴെ ആളുകള്‍ പങ്കെടുത്തു മാത്രമായിരിക്കും കൊടിയേറ്റം ചടങ്ങ്. സാധാരണ ഈ കൊടിയേറ്റ ചടങ്ങ് ദേശക്കാരുടെ വലിയ പങ്കാളിത്തതോടെയാണ് നടക്കാറുള്ളത്. കോവിഡ് കണക്കിലെടുത്താണ് ചടങ്ങു മാത്രമായി നടത്തുന്നത്. നിയമങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങു നടത്തുകയെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.
തിരുവമ്പാടി ദേവസ്വം കൊടിയേറ്റം ഒഴിവാക്കി പൂരം ചടങ്ങു മാത്രമായി നടത്തും. എട്ടുഘടകക്ഷേത്രങ്ങളിലും ചടങ്ങുകള്‍ മാത്രമാണ് നടത്തുക. ഭക്തരെ ആരേയും പ്രവേശിപ്പിക്കില്ല. ആനകളേയും ഒഴിവാക്കും. മേയ് രണ്ടിനാണ് തൃശൂര്‍ പൂരദിനം