
ലോക്ഡൗൺ കാലത്ത് വള്ളികുന്നം ഗ്രാമത്തിന്റെ സൗന്ദര്യം ലോകമറിഞ്ഞത്, നിയന്ത്രണങ്ങൾ തെറ്റിച്ച് കൂട്ടംകൂടിയവരെ പിടികൂടാൻ പൊലീസ് ഡ്രോൺ (ഹെലിക്യാം) ഉപയോഗിച്ചു നടത്തിയ പരിശോധനയിലൂടെയാണ്. ആദ്യം വള്ളികുന്നം പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങൾ സംസ്ഥാന പൊലീസ് സമൂഹമാധ്യമ വിഭാഗം വീണ്ടും പുറത്തിറക്കിയപ്പോൾ അഞ്ചു മണിക്കൂറിനിടെ നാലരലക്ഷത്തിലധികം പേരാണ് കണ്ടത്.
വള്ളികുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാടശേഖരങ്ങളിലും നാട്ടുവഴികളിലും വിനോദങ്ങൾക്കും മറ്റുമായി അനാവശ്യമായി കൂട്ടംകൂടിയവരെയാണ് ഡ്രോൺ പകർത്തിയത്. ഡ്രോൺ കണ്ടതോടെ കൂട്ടംകൂടിയവർ മുഖംമറച്ച് ഓടുന്ന രംഗങ്ങൾ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പൊലീസ് പുറത്തിറക്കിയത്. കളിസ്ഥലങ്ങളിലും ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഡ്രോൺ വട്ടമിട്ടു പറന്നു.
ഡ്രോൺ മുകളിലെത്തിയപ്പോൾ ഉടുമുണ്ട് അഴിച്ചു മുഖം മറച്ച് ഓടുന്നവരും വാഹനങ്ങൾ ഉപേക്ഷിച്ചു മരത്തിന്റെ മറവിൽ ഒളിക്കുന്നവരുമെല്ലാം ദൃശ്യങ്ങളിലുണ്ട്. കമ്പിശേരിമുക്ക്, കാഞ്ഞിരത്തുംമൂട്, മണയ്ക്കാട്, കറ്റാനം, വെട്ടിക്കോട്, ചൂനാട് മാർക്കറ്റ് എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തിയത്. നിയമലംഘനത്തിന്റെ വിഡിയോ ആണെങ്കിലും വിഡിയോ വൈറലായതോടെ മനോഹരമായ വള്ളികുന്നം പ്രദേശം എവിടെയാണെന്ന അന്വേഷണവും പലരും നടത്തുന്നുണ്ട്.