TAGS

ലോക് ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ ചെന്നൈയിലെ തെരുവില്‍ കഴിയുന്നവര്‍ക്ക് സ്വന്തം കയ്യില്‍  കാശെടുത്തു ഭക്ഷണമെത്തിക്കുകയാണ്  മലപ്പുറം തിരൂര്‍  സ്വദേശി അഷ്റഫ് പടിഞ്ഞാറെക്കരയും കൂട്ടുകാരനും. സ്വന്തം കട ലോക് ഡൗണ്‍ മൂലം അടച്ചതോടെയാണ് ഇരുവരും  മറ്റുള്ളവരുടെ പട്ടിണിയകറ്റാന്‍ നിരത്തിലിറങ്ങിയത്.

 

ലോക് ഡൗണിനെ തുടര്‍ന്ന് ചെന്നൈ ഏതാണ്ട് വിജനമാണ്. അണമുറിയാതെ വാഹനങ്ങളൊഴുകിയിരുന്ന നിരത്തുകളെല്ലാം  ഒഴിഞ്ഞു. ആളുകള്‍ വീടുകളുടെ സുരക്ഷിതത്വങ്ങളിലേക്ക് ഒതുങ്ങി. എന്നാല്‍ നഗരത്തെ വീടാക്കിയ കുറേ മനുഷ്യര്‍ ഇപ്പോഴുമുണ്ട് തെരുവോരങ്ങളില്‍.പലരെയും കോര്‍പ്പറേഷന്‍ പുനരധിവസിപ്പിച്ചു.ഇനിയുമുണ്ട് നൂറുകണക്കിനുപേര്‍.

 ഇത്തരക്കാര്‍ക്കുവേണ്ടിയാണ് അഷ്റഫും സുഹൃത്ത് റൗഫും ലോക് ഡൗണ്‍ ലംഘിക്കുന്നത്.സ്വന്തം കയ്യില്‍ നിന്ന് കാശെടുത്താണ് ഭക്ഷണം നല്‍കുന്നത്. ലോക്ഡൗണില്‍ ജോലിയില്ലാതായ  സ്വന്തം കൂള്‍ബാറുകളിലെ ജീവനക്കാരെ കൂടെ കൂട്ടിയാണ് ഭക്ഷണമൊരുക്കുന്നത്.

 

ദിവസവും അന്‍പതിലേറെ പേരാണ് ഇവരുടെ വരവും കാത്ത് നഗരത്തില്‍ കഴിയുന്നത്. ഉച്ചയ്ക്കും രാത്രിയുമായി രണ്ടുനേരമാണ് വിതരണം. ലോക് ഡൗണ്‍ തീരുന്നതുവരെ സൗജന്യ ഭക്ഷണ വിതരണം തുടരാനാണ് ഇരുവരുടെയും തീരുമാനം.