bijimol-husband

ഭർത്താവിനെ അവസാനമായി കാണാനാകാതെ ദുബായിൽ കുടുങ്ങിയ എറണാകുളം കളമശ്ശേരി മുനിസിപാലിറ്റി സ്വദേശിനി ബിജിമോൾക്ക് സഹായവുമായി നോർക്ക. ബുഹായിലിലെ താമസ സ്ഥലത്ത് നിന്നു ദുബായ് കോൺസുലേറ്റിന്റെ സഹായത്തോടെ സുരക്ഷിത സ്ഥലത്തേയ്ക്ക് ബിജിമോളെ മാറ്റി. മനോരമ ഓൺലൈനിലൂടെയാണ് ബിജിമോളുടെ കഥ പുറംലോകമറിയുന്നത്. ഇന്ത്യൻ കോൺസുലേറ്റിനെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവർത്തകൻ പ്രവീണും ബിജി മോളെ ബന്ധപ്പെട്ടു സഹായം വാഗ്ദാനം ചെയ്തു.

കോവിഡ്–19 കാരണം വിമാന സർവീസുകൾ നിർത്തലാക്കിയതോടെ നാട്ടിൽ മരിച്ച ഭർത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്നു മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും അബുഹായിലിലെ താമസ സ്ഥലത്തിരുന്ന് കണ്ണീർ വാർത്ത ബിജി മോൾ ഏവരുടെയും ദുഃഖമായിരുന്നു. വാർത്ത കണ്ട് യുഎഇയിലെ ഒട്ടേറെ മനുഷ്യസ്നേഹികൾ ഇവരെ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്തു. ചിലർ ഇതിനകം സഹായം എത്തിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങളും കുറേപ്പേർ എത്തിച്ചു. കൊറോണ വൈറസ് കാരണം ഇന്ത്യയിലേയ്ക്ക് വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് മൂന്ന് മക്കളുടെ അമ്മയായ ബിജിമോൾക്ക് അർബുദം ബാധിച്ച് മരിച്ച ഭർത്താവ് ശ്രീജിത്തിന്‍റെ  മുഖം അവസാനമായി കാണാൻ സാധിക്കാതെയായത്. കഴിഞ്ഞ 9 മാസമായി ശ്രീജിത് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്.

മൂന്ന് മാസം മുൻപാണ്  മക്കളെ നാട്ടിലെ ബന്ധുവിനെ ഏൽപിച്ച് ബിജി ദുബായിലെത്തിയത്. യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റിന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് അത് സന്ദർശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരിൽ നിന്ന് പലിശയ്ക്കായിരുന്നു മൂന്നു ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പരിചയക്കാരുടെ കൂടെ വളരെ ദുരിതത്തിൽ കഴിയുമ്പോഴാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഏജന്റ് ചതിച്ചതിനാൽ ജോലി ലഭിച്ചില്ല. ഇതിനിടെ ഇൗ മാസം 24നാണ് വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് മരിച്ചത്. വിമാന സർവീസ് നിർത്തിവച്ചതിനാൽ ഇവർക്ക് നാട്ടിലേയ്ക്ക് പോകാനായില്ല. ഒടുവിൽ വിഡിയോകോണ്‍ഫറൻസ് വഴിയാണ് ഭർത്താവിന്റെ മുഖം അവസാനമായി കണ്ടത്. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന  15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാൻ പോലും അവർക്കായില്ല. ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കളെന്നും അവർക്ക് എത്രകാലം സംരക്ഷിക്കാൻ സാധിക്കുമെന്ന് അറിയില്ലെന്നും ബിജി മനോരമ ഒാൺലൈനിനോട് പറഞ്ഞു. യതീഷ് എന്നയാളാണ് മൂന്ന് ലക്ഷം കൈക്കലാക്കി തന്നെ ചതിച്ചതെന്ന് ഇവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലേയ്ക്ക് വിമാന സർവീസ് ആരംഭിച്ചാൽ ആദ്യ വിമാനത്തിൽ തന്നെ ബിജിമോളെ നാട്ടിലേക്ക് കയറ്റിയയക്കാനാണ് അധികൃതരുടെ തീരുമാനം.