‘പ്രകടമാക്കാനാകാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും..’

 

പ്രണയത്തെ തുറന്നെഴുതിയ മാധവിക്കുട്ടിയെന്ന പെൺതൂലികയ്ക്ക് ഇന്ന് ജന്മവാർഷികം. പ്രണയത്തെ ഏറ്റവും തീവ്രമായ രീതിയിൽ അവതരിപ്പിച്ച മറ്റൊരാൾ മലയാള സാഹിത്യത്തിൽ ഇല്ല. തന്റെ ചിന്തകളെ നൂല് പൊട്ടിയ പട്ടമായി അവർ വിഹായസ്സിലേക്ക് പറത്തി വിട്ടു. ആ അനന്തവിഹായസ്സിൽ ചുറ്റിത്തിരിഞ്ഞ് അവ പ്രണയത്തിന്റെ എല്ലാ അതിർവരമ്പുകളേയും തച്ചുടച്ചു. അടിമുടി ഒരു കലാകാരിയായി അവർ നമുക്കിടയിൽ ജീവിച്ചു. തന്നെത്തന്നെ ആവിഷ്കരിക്കുന്നതിൽ അന്തസ് പുലർത്തിയ വ്യക്തിത്വം. സ്നേഹത്തിനുവേണ്ടി കേഴുന്ന നിരാലംബമായ ഒരു ആത്മാവിന്റെ തേങ്ങലുകൾ ആയിരുന്നു അവരുടെ രചനകൾ .

 

‘വെള്ളയും മഞ്ഞയും കൂടികലർന്ന് കലങ്ങി പോയ മുട്ട പോലെയുള്ള പുലർകാല വേളയുടെ അവ്യക്തതയിലും എന്റെ  സ്വപ്നാടക കരാംഗുലികൾ നിന്റെ ശരീരമധ്യത്തിലേക്ക് നിസന്ദേഹമായും ആധികാരികമായും നീങ്ങുമ്പോൾ നാം വിവിധ ജന്മങ്ങളിലൂടെ ഒന്നിച്ചു കഴിയാൻ വിധിക്കപ്പെട്ട ഇണകൾ ആണെന്ന് ഞാൻ മനസ്സിലാക്കുന്നു..’

 

സ്ത്രീ പുരുഷ ബന്ധത്തിന്റെ സൗന്ദര്യം എങ്ങനെയാണ് വേർതിരിക്കാനാവാത്ത വിധത്തിൽ ചേർന്നുനിൽക്കുന്നത് എന്ന് “ജീനിയസ്സിന്റെ ഭാര്യ” എന്ന കഥയിലൂടെ അവർ കാട്ടിത്തന്നു. കോടാനുകോടി ജൻമങ്ങളിലെ അനുരാഗ സാഫല്യം ഒറ്റ ജൻമത്തിലൂടെ പാനം ചെയ്യാൻ ആഗ്രഹിക്കുന്ന അഗാധ പ്രണയ ലഹരിയാണ് അവർ തന്റെ കഥാപാത്രങ്ങളിലേക്ക് പകർന്നു കൊടുത്തത്. സ്ത്രീത്വത്തിന്റെ ആർക്കും പിടികൊടുക്കാത്ത ഗൂഢ വിസ്മയങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ വിപര്യയങ്ങളെ  മറിച്ചിട്ടു.

 

സമസ്ത ഹൃദയങ്ങളെയും ആശ്ലേഷിക്കുന്ന കഥ എഴുതുക എന്ന് വച്ചാൽ ഏറ്റവും അപൂർവമായ ഏതോ അനുഭവത്തിന് ഉയിരും ഉടലും നൽകുക എന്നാണ് അർത്ഥം. ഈ സിദ്ധിയെ പ്രതിഭ എന്ന് വിളിച്ചാൽ മതിയാകുമോ എന്ന് ചോദിച്ചത് മറ്റാരുമല്ല, മാധവിക്കുട്ടിയുടെ സമ്പൂർണകൃതികൾക്ക് അവതാരിക എഴുതിയ സുകുമാർ അഴീക്കോടാണ്. ജീവിതത്തെ ആകെ ഉൾക്കൊള്ളുന്ന ഒരു വസന്താവസ്ഥ. പുഴക്കരയിലെ മണലിൽ വെട്ടിത്തിളങ്ങുന്ന സ്വർണ്ണ തരികൾ പോലെ ആ വചനങ്ങൾ നമ്മെ ആകർഷിക്കുന്നു എന്ന് കൂടി കൂട്ടിച്ചേർത്തു അഴീക്കോട് മാഷ്. തന്റെ ആത്മാവിനുമാത്രം കേൾക്കാവുന്ന ശരീരത്തിന്‍റെ പാട്ടുകളാണ് അവർ പാടിയത്.

 

ദാമ്പത്യേതര പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള മാധവിക്കുട്ടിയുടെ കഥാപാത്രങ്ങൾ പ്രണയമൊരു സ്വാതന്ത്ര്യമാണെന്ന് തിരിച്ചറിയുന്നുണ്ട്. പ്രണയവും വാത്സല്യവും ആത്മീയതയും നിഷേധങ്ങളും എല്ലാം നിറച്ച ആ ഓർമ്മകൾ ഇല്ലാതെ നമ്മുടെ സാഹിത്യലോകത്തെ എങ്ങനെ വായിച്ചെടുക്കാൻ സാധിക്കും. തന്റെ ഉള്ളിലെ സ്നേഹത്തെ അക്ഷരങ്ങളിലൂടെ മറ്റുള്ളവരിലേക്ക് ഒളിച്ചു കടത്തുന്ന മാന്ത്രികശക്തി അവരിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ് അവർ മറ്റൊരു ഉടലായ് ആത്മാവായ് നമുക്കിടയിൽ ഇപ്പോഴും ഉള്ളത്. ആസ്വാദകമനസ്സിൽ ചൊരിഞ്ഞുപോയ നൂറുനൂറ് കഥകളിലൂടെ ഇനിയും എത്രയോ കാലം അവർ ജീവിക്കും. ഒരു നീർമാതള പൂവ് പോലെ..!