squirrel

ഇടുക്കി ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ അപൂര്‍വയിനം ചാമ്പല്‍ മലയണ്ണാന്റെ എണ്ണം വര്‍ധിച്ചു.  മണിക്കൂറുകള്‍ കാത്തിരുന്ന് ചാമ്പലിനെ കാണുന്നതിനായി നിരവധി സഞ്ചാരികളാണ് ചിന്നാറിലേയ്ക്ക് എത്തുന്നത്. കേരളത്തില്‍ ചാമ്പല്‍ മലയണ്ണാനുള്ള ഏക പ്രദേശം ചിന്നാറാണ്.

അപൂര്‍വയിനം ജീവികളും സസ്യങ്ങളും  ജൈവ സമ്പത്തും നിറഞ്ഞതാണ് ഇടുക്കി ചിന്നാര്‍ വന്യ ജീവി സങ്കേതം. ഇവിടെ ഏറ്റവും പ്രധാനികള്‍  നക്ഷത്രയാമയും, ചാമ്പല്‍ മലയണ്ണാനും.കേരളത്തിലെ മറ്റ് സംരക്ഷിത വനമേഖലകളില്‍ നിന്ന് വ്യത്യസ്ഥമായി ചമ്പല്‍ മലയണ്ണാന്‍ ഉള്ള ഏക സ്ഥലവും ചിന്നാര്‍ വന്യജീവി സങ്കേതമാണ്. അതുകൊണ്ട് തന്നെ ചാമ്പലിന് പ്രത്യേക സംരക്ഷണവും വനംവകുപ്പ് നല്‍കുന്നുണ്ട്. വംശനാശം നേരിടുന്ന ചാമ്പലിന്റെ എണ്ണവും വര്‍ധിച്ചു.  2018ല്‍ നടന്ന സര്‍വ്വേയില്‍ 68 എണ്ണമാണ്  ഉണ്ടായിരുന്നത്. എന്നാല്‍ 2019  സര്‍വ്വേ  റിപ്പോര്‍ട്ട് പ്രകാരം 105 എണ്ണമാണ് ഉളളത്. ദക്ഷിണേന്ത്യയിലും, ശ്രീലങ്കയിലുമാണ് ചാമ്പല്‍ മലയണ്ണാനെ കാണാന്‍ കഴിയുക.

വംശനാശം നേരിടുന്ന ചാമ്പല്‍ മലയണ്ണാന്‍ അപൂര്‍വ കാഴ്ച്ചയാണ്. അതുകൊണ്ട് തന്നെ ചിന്നാറിലേയ്ക്ക് എത്തുന്ന സന്ദര്‍ശകര്‍ അന്വേഷിക്കുന്നതും ചാമ്പല്‍ മലയണ്ണാനെയാണ്. ഇവയെ കണ്ട് ചിത്രം പകര്‍ത്തുന്നിന് പ്രത്യേക സംവിധാനം വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.