ഫയൽ ചിത്രം
കോവിഡ് ഭീഷണി നേരിടാന്‍ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനിടയിലും വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ബ്രത്ത് അനലൈസര്‍ പരിശോധന ഒഴിവാക്കാതെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പരിശോധന തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെന്ന് വിവിധ കമ്പനികള്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
വിമാനത്താവളങ്ങളില്‍ ഒരു ഷിഫ്റ്റില്‍ ജോലിക്കെത്തുന്ന പത്ത് ശതമാനം ജീവനക്കാര്‍ ബ്രത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് ചട്ടം. മൊബൈല്‍ ഫോണ്‍പോലെ ചെറിയൊരു ഉപകരണംവച്ച് നടത്തുന്ന പരിശോധന നിലവിലെ സാഹചര്യത്തില്‍ അപകടമാണെന്ന് ജീവനക്കാര്‍ പറയുന്നു.
ആളുകള്‍ തമ്മിലുള്ള ഹസ്തദാനംപോലും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനിടെ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള ഊതിക്കലിനെതിരെ പ്രതിഷേധം ഉയരുകയാണ്.
രക്ത പരിശോധന അടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പരിശോധനയുടെ അപകടം ചൂണ്ടിക്കാട്ടി ബ്രത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിസമ്മതിച്ച ജീവനക്കാരെ ജോലിയില്‍ തുടരാന്‍ സമ്മതിക്കാതെ പറഞ്ഞുവിട്ടിരുന്നു.
കോവിഡ് ഭീഷണിയുടെ ആദ്യഘട്ടത്തില്‍ പരിശോധന ഒഴിവാക്കിയിരുന്നു. സമാനമായ നടപടിവേണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടെങ്കിലും പരിശോധന തുടരാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉപകരണത്തില്‍ ഡിസ്പോസിബിള്‍ ട്യൂബുകള്‍ ഉപയോഗിക്കാനും, അണുനശീകരണത്തിനുള്ള നടപടി സ്വീകരിക്കാനുമാണ് ഡിജിസിഎ നിര്‍ദേശം. രോഗപ്രതിരോധത്തിനായി സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.