ദീര്‍ഘദൂര ബസ് സര്‍വീസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സിയുടെ നടപടിക്കെതിരെ ഡ്രൈവര്‍മാരുടെ പ്രതിഷേധം. കെ.എസ്.ആര്‍.ടി.സിയില്‍ യൂണിയന്‍ റഫറണ്ടം വരുന്നതിന് മുന്നോടിയായി കണ്ടക്ടര്‍മാരുടെ വോട്ടുകള്‍ സ്വാധീനിക്കാനുള്ള വിവിധ യൂണിയനുകളുെട സമ്മര്‍ദമാണ് പുതിയ തീരുമാനത്തിന് വഴിവച്ചതെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു. എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുന്നത് സിംഗിള്‍ ഡ്രൈവര്‍ ഡ്യൂട്ടി സമ്പ്രദായത്തിലാണെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം.
ഡ്രൈവര്‍മാരുടെ സമ്മര്‍ദം ഒഴിവാക്കി റോഡപകടങ്ങള്‍ കുറയ്ക്കാനെന്ന വാദവുമായാണ് ദീര്‍ഘദൂര ബസ് സര്‍വീസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കിയത്. എന്നാല്‍ ഡ്രൈവര്‍മാര്‌ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന കണ്ടെത്തലിലാണ് നേരത്തെ രാജമാണിക്യം എം.ഡിയായിരിക്കെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഡ്യൂട്ടി നടപ്പിലാക്കിയതും. തുടര്‍ന്ന് ടോമിന്‍ ജെ.തച്ചങ്കരി എം.ഡിയായിരിക്കെ എല്ലാ ദീര്‍ഘദൂര ബസുകളിലുമായി ഇത് വിപുലപ്പെടുത്തി. ഡ്രൈവര്‍മാര്‍ക്ക് കണ്ടക്ടര്‍ പരിശീലനവും കൂടി നല്‍കി നടപ്പാക്കിയ പദ്ധതിപ്രകാരം എട്ടുമണിക്കൂര്‍ ഇടവേളയില്‍ രണ്ടുപേര്‍ മാറിമാറി ബസ് ഒാടിച്ചിരുന്നതാണ് നിര്‍ത്തലാക്കിയത്. ഇതാണ് കണ്ടക്ടര്‍മാരുടെ സമ്മര്‍ദത്തിന് വഴങ്ങി നിര്‍ത്തലാക്കിയതെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.
സിംഗിള്‍ ഡ്രൈവര്‍ സംവിധാനം വരുമ്പോള്‍ ഡ്രൈവര്‍ക്ക് എട്ടുമണിക്കൂറാണ് ജോലി. ഇത് ആവശ്യത്തിന് വിശ്രമിക്കാന്‍ സമയം നല്‍കുമെന്ന വാദം തെറ്റാണെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. ഉദാഹരണത്തിന് ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്തുനിന്ന് കയറുന്ന ഡ്രൈവര്‍ക്ക് തൃശൂരിലാണ് മാറ്റം. ബെംഗളൂരുവരെ ബസ് ഒാടിക്കുന്ന അടുത്ത ഡ്രൈവറാണ് ബസ് തിരിച്ച് തൃശുരില്‍ കൊണ്ടുവരേണ്ടത്. തൃശുരില്‍നിന്ന് പഴയ ഡ്രൈവര്‍ വീണ്ടും ബസുമായി തിരുവനന്തപുരത്തെത്തുന്നതും നിസാര മണിക്കൂറുകളുടെ ഇടവേളയില്‍ ആകുമ്പോള്‍ ഇപ്പോഴത്തെ രീതി കണ്ടക്ടര്‍മാരെ സഹായിക്കാന്‍ മാത്രമാണെന്ന് ആവര്‍ത്തിക്കുകയാണ് ഡ്രൈവര്‍മാര്‍.