കോവിഡ് 19 സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയത്ത് ആരോഗ്യവകുപ്പ് പരിശോധന ഊര്‍ജിതമാക്കി. രോഗം സ്ഥിരീകരിച്ചവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷിക്കാനാണ് പരിശോധന. ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകള്‍ ഈ മാസം അടച്ചിടണമെന്നും നിര്‍ദേശം.
കോട്ടയം ജില്ലയിലെ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ നാലുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുടെ അടുത്ത ബന്ധുക്കളായ നാലുപേരും മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലാണുള്ളത്. നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്. രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശികള്‍ അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം കണ്ടെത്തിയ ഇരുപതിലേറെ പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ജനകീയ സമിതികളുടെ നേതൃത്വത്തില്‍ ബോധവത്കരണ നടപടികളും പുരോഗമിക്കുകയാണ്.
കോട്ടയം മെഡിക്കല്‍ കോളജിലും ജില്ലാ ആശുപത്രിയിലും ഉള്‍പ്പെടെ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. അടിയന്തിര സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെയും സഹായം തേടും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകളില്‍ ക്ലാസുകള്‍ തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ മാസം സെന്‍ററുകള്‍ അടച്ചിടണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ കര്‍ശന നിര്‍ദേശം. ആരാധനാലയങ്ങളില്‍ ഉത്സവങ്ങളും പ്രാര്‍ഥനകളും ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് മാറ്റിവെച്ചു.