ഹെല്‍മറ്റില്ലാതെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ എത്തിയവരെ പൊലീസ് തടഞ്ഞപ്പോള്‍ ഞെട്ടി. പിഴ നല്‍കാന്‍ തുനിഞ്ഞ യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റു വച്ചുനീട്ടിയതാകട്ടെ നടന്‍ ഉണ്ണിമുകുന്ദന്‍. 

 

തൃശൂര്‍ സിറ്റി പൊലീസിന്റെ റോഡു സുരക്ഷ ബോധവല്‍ക്കരണ പരിപാടിയായിരുന്നു വേദി. സ്വരാജ് റൗണ്ടില്‍ ഇറങ്ങിനിന്ന പൊലീസ് ഹെല്‍മറ്റില്ലാതെ വന്ന ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി. പിഴ അടയ്ക്കാന്‍ കീശയില്‍ നിന്ന് പണമെടുത്തവരെ ഞെട്ടിച്ച് പൊലീസ് പറഞ്ഞു. പിഴ വേണ്ട. ഇതാ ഹെല്‍മറ്റ്. സൗജന്യമാണ്. ഹെല്‍മറ്റുകള്‍ നല്‍കിയതാകട്ടെ പ്രശസ്ത നടന്‍ ഉണ്ണിമുകുന്ദനും. ഹെല്‍മറ്റുകള്‍ മാത്രമല്ല ടീ ഷര്‍ട്ടുകളും നല്‍കിയാണ് യാത്രക്കാരെ യാത്രയാക്കിയത്.

 

റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള പൊലീസിന്‍റെ ശ്രമമാണ് ഈ ബോധവല്‍ക്കരണ പരിപാടി. റോഡ് സുരക്ഷയും ഹെൽമറ്റിന്റെ പ്രധാന്യവും പ്രമേയമാക്കി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി.