KK SHYLAJA

പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നും വന്ന മൂന്നുപേർക്കും അവരുടെ രണ്ട് ബന്ധുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തില്‍ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്.  ഫെബ്രുവരി 28നാണ് ഇവർ എത്തിയത്.

 

ഇവർ ചെയ്തത് വലിയ തെറ്റാണെന്ന് ആരോഗ്യ മന്ത്രി ഷൈലജ വാർത്ത സമ്മേളനത്തിൽ  അറിയിച്ചു. ഗുരുതരമായ വീഴ്ചയാണ് ചെയ്തത്. വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ ഇവരെ കൂട്ടിക്കൊണ്ടുപോകാൻ രണ്ട് ബന്ധുക്കൾ എത്തിയിരുന്നു. ഇവർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 

 

 മാര്‍ച്ച് ഒന്നിന് രാവിലെ 8.20-ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച വിമാനത്തിൽ തന്നെ 350 പേരുണ്ടായിരുന്നു. ഇവരെയെല്ലാം കണ്ടെത്തുക ഭഗീരഥ പ്രയത്നമാണെന്ന് മന്ത്രി പറഞ്ഞു. 

 

വിദേശത്ത് നിന്ന് വരുന്നവർ വിമാനത്താവളത്തിൽ ആരോഗ്യപരിശോധനയ്ക്ക വിധേയരാകണമെന്ന് അറിയിപ്പുണ്ടായിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലാതെ എത്തുന്നവരാണെങ്കിലും ജില്ലാമെഡിക്കൽ ഓഫിസറിനെ കാണണം. ഇവരുടെ ബന്ധുക്കൾ പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റലിയിൽ നിന്നുള്ള കുടുംബത്തെ തിരിച്ചറിയുന്നത്. ആരോഗ്യമേഖലയിലുള്ളവർ എത്തിയിട്ട് പോലും ഇവർ ആശുപത്രിയിലേക്ക് മാറാൻ കൂട്ടാക്കിയിരുന്നില്ല. ബലം പ്രയോഗിച്ചാണ് മാറ്റിയത്. ഇവർ ചെയ്തത് വലിയ തെറ്റാണെന്ന് മന്ത്രി ആവർത്തിച്ചു. 

 

തീര്‍ത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് രോഗബാധിതരില്‍ നിന്നുമുണ്ടായത്. എന്നാല്‍ രോഗികളായ സ്ഥിതിക്ക് അവരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോഗ്യവകുപ്പിന് ഒന്നും മറച്ചു വയ്ക്കാനാവില്ല. പരിശോധനകളുമായി സഹകരിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമേ എല്ലാവര്‍ക്കും ഉണ്ടാവൂ. വിമാനത്താവളത്തിൽവെച്ച് തന്നെ ഇവർ അനുകൂലമായ സമീപനം നടത്തിയിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര സങ്കീർമാകില്ലായിരുന്നു.

 

രോഗവിവരം അവര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്കും സമൂഹത്തിനും അതു ഗുണം ചെയ്തേനെ. ഇതിപ്പോള്‍ എത്ര ആളുകളാണ് ഇനി ആശങ്കയോടെ ജീവിക്കേണ്ടത്. എത്രയോ ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച്ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ വൈറസിനെതിരെ പോരാടിക്കുകയാണ് അവരോട് സഹകരിക്കാതെ ഇങ്ങനെയുള്ള ഉപദ്രവം ഉണ്ടാക്കി വയ്ക്കുന്നത് എന്തിനാണ്. 

 

വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ വെളിപ്പെടാന്‍ 14 ദിവസം വരെ വേണ്ടി വരും. ഈ സമയം നമ്മളുമായി ഇടപെട്ടവരില്‍ എല്ലാം രോഗബാധയ്ക്ക് സാധ്യതയുണ്ട്. ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ എല്ലാവരേയും രക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ഇത്ര കര്‍ശനമായി ഇടപെടുന്നത്. ദയവായി എല്ലാവരും ഞങ്ങളോട് സഹകരിക്കുക - ആരോഗ്യമന്ത്രി പറയുന്നു.