ആറ്റുകാല്‍ പൊങ്കാലയായതോടെ ഓണക്കാലത്തെ ഉത്രാടപ്പാച്ചിലിന്റെ ആവേശത്തിലാണ് തിരുവനന്തപുരത്തെ വഴിയോരവിപണി. കലവും കട്ടകളും മാത്രമല്ല ചൂട്ടും കൊതുമ്പും തുടങ്ങി വാഴയില വരെ വിപണിയില്‍ ലഭിക്കും. കലത്തിനൊഴിച്ച് ബാക്കിയെല്ലാത്തിനും വിലക്കുറവാണെന്നത് പൊങ്കാലയ്ക്ക് ഒരുങ്ങുന്നവര്‍ക്കും ആവേശം പകരുന്നു.

പാട്ടിന്റെ താളത്തില്‍ ഓമനയമ്മയുടെയും കൂട്ടരുടെയും കച്ചവടം പൊടിപൊടിക്കുകയാണ്. തവിയും കലവുമെല്ലാം തേടി സ്ത്രീകള്‍ ഓടിയോടിയെത്തുന്നു. നോക്കി നോക്കി ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. അതുകൊണ്ട് തന്നെ അടുപ്പുകൂട്ടാനുള്ള കട്ടകളാണ് ചൂടപ്പം പോലെ വിറ്റുപോകുന്നത്.

മറ്റരു കൗതുകമാണ് ചൂട്ടിന്റെയും കൊതുമ്പിന്റെയും വില്‍പ്പന. പറമ്പുകളില്‍ നിന്ന് തേടിയെടുത്ത് പൊങ്കാലയ്ക്ക് വിറകാക്കിയിരുന്ന ഇവ ഇന്ന് അമ്പത് രൂപ കൊടുത്താല്‍ വിപണിയില്‍ കിട്ടും.ആവശ്യക്കാരും ഏറെയാണ്.

പൊങ്കാലയ്ക്കൊപ്പം തെരളിയും നിവേദിക്കുന്നത് വിശ്വാസമാണ്. അതിനുള്ള ഇടനയിലയും പത്ത് രൂപ കൊടുത്താല്‍ അങ്ങാടിയില്‍ കിട്ടും.അങ്ങിനെ വിശ്വാസത്തിനപ്പുറം കുറേ സാധാരണ വഴിയോരക്കാര്‍ക്ക് ജീവിതമാര്‍ഗം കൂടിയാണ് ആറ്റുകാല്‍ പൊങ്കാല.