TAGS

‘മൈ നെയിം ഈസ് ദേവനന്ദ. ഐ ആം സിക്സ് ഇയേഴ്സ് ഓൾഡ്. ഐ ആം സ്റ്റഡിയിങ് ഇൻ ഫസ്റ്റ് സ്റ്റാൻഡേർഡ്.’ സ്വന്തം കൈപ്പടയിൽ പെൻസിൽ ഉപയോഗിച്ച് അവൾ നോട്ട്ബുക്കിൽ എഴുതിപ്പഠിച്ചത്. കൗതുകങ്ങൾ ഏറെയുള്ള ആ നോട്ട്ബുക്കിൽ അധ്യാപകർ നടത്തിയ പരീക്ഷകൾക്കു മിക്കതിനും ദേവനന്ദയ്ക്കു മുഴുവൻ മാർക്കാണ്.‘പരീക്ഷയുള്ള ദിവസങ്ങളിലെല്ലാം അവൾ എല്ലാം പഠിച്ചിട്ടായിരിക്കും എത്തുന്നത്. എന്തെങ്കിലും കാരണത്താൽ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്ലാസ്സിൽ എത്തുമ്പോൾ തന്നെ ഇക്കാര്യം ടീച്ചറിനോടു പറയും.

 

ഇന്നത്തെ പരീക്ഷയ്ക്കു പഠിക്കാൻ പറ്റിയില്ല എന്നു പറഞ്ഞവൾ കരയും. പഠിച്ചിട്ട് എത്തുന്ന ദിവസം ടീച്ചർ ക്ലാസ്സിൽ എത്തുമ്പോഴേ പറയും, ടീച്ചറേ ഇന്നു പരീക്ഷയുണ്ടെന്ന്.’ വാക്കനാട് സരസ്വതീ വിദ്യാനികേതനിലെ ദേവനന്ദയുടെ അധ്യാപിക പ്രീത ദേവി പറയുന്നു. തന്റെ നോട്ട്ബുക്കിൽ എല്ലാ ദിവസവും ഡേറ്റ് ഉൾപ്പെടെയാണു ദേവനന്ദ എഴുതാറുള്ളത്. അതിൽ അവസാന ദിവസമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഈ മാസം 24. അന്നവൾ ഹിന്ദിയുടെ ആദ്യക്ഷരങ്ങളാണ് എഴുതി തുടങ്ങിയത്.