ചന്ന മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞ് സഹായിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്. മനോരമ ന്യൂസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് രണ്ട് വര്‍ഷത്തിനിപ്പുറം ഉത്തരവിറങ്ങിയിരിക്കുന്നത്
വയനാട് മേപ്പാടി പഞ്ചായത്തില്‍ നെല്ലിമാളം ആദിവാസി കോളനിയിലെ ചന്നയെന്ന ആദിവാസി വൃദ്ധയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നൊരു ഉത്തരവ് പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്ന് വയനാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ആഴ്ച കിട്ടി.ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗ്സഥര്‍ അന്വേഷിച്ചെത്തിയപ്പോഴേക്കും ചന്ന മരിച്ചിരുന്നു.മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്നയുടെ ദുരവസ്ഥയെ കുറിച്ചന്വേഷിക്കാന്‍ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.അടിയന്തിര നടപടിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്.പക്ഷെ നടപടിയെത്തിയത് പരാതി നല്‍കി രണ്ടുവര്‍ഷം കഴിഞ്ഞാണെന്ന് മാത്രം.
സര്‍ക്കാരിന്റെ ഒൗദാര്യത്തിന് കാത്തുനില്‍ക്കാതെ കാന്‍സര്‍ രോഗിയായി ചന്ന പോയി.2017 ജൂണില്‍ മനോരമ ന്യൂസ് വയനാട്ടില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടിലൂെടയാണ് ആദിവാസി കോളനിയില്‍ ചികിത്സകിട്ടാതെ നരകിക്കുന്ന ചന്നയെ ലോകമറിയുന്നത്.ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിയുടെ ഒാഫിസില്‍ പരാതി നല്‍കി.പരാതി അടിയന്തിര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തു.
കാന്‍സര്‍ രോഗം ബാധിച്ച് കോളനിയിലെ ഒറ്റമുറി വീടിന്റെ അടുക്കളയില്‍ അടുപ്പത്തിലെ ചാരത്തിനൊപ്പം ഉഴന്ന് കിടക്കുന്ന ചന്നയുടെ കാഴ്ച ആരുടെയും മനസ്സലിയിക്കുന്നതായിരുന്നു.അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഇത്തരമൊരു വിഷയത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം വകുപ്പിന്റെ ഉത്തരവിറങ്ങുന്നത്.ചുവപ്പ് നാടയില്‍ കുടുങ്ങുന്ന ജീവിതങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഇടക്കിടെ ഒാര്‍മ്മിക്കുന്നത് ഇതാണ്.ചന്നയും നരകിച്ച് മരിച്ചത് അതെ നാട കുരുങ്ങിയാണ്.