വ്യത്യസ്ഥരായ ജില്ലാ കലക്ടര്‍മാര്‍ ധാരാളമുണ്ടായിട്ടുണ്ട്. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഒരിക്കലും വ്യത്യസ്ഥനാവാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ ഉത്തരവാദിത്വ ബോധത്തോടെ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചയൊന്നും വരുത്തിയിട്ടില്ല.പൊതുവില്‍ കര്‍ക്കശക്കാരനായ സാംബശിവ റാവുവിന്റെ വ്യത്യസ്തമായ ഒരു മുഖമാണ് ഇന്നലെ കോഴിക്കോട്ടെ കുറച്ചുകുട്ടികള്‍ കണ്ടത്.കാമറയും പബ്ലിസിറ്റിയൊന്നുമില്ലാതെ ജില്ലാകലക്ടര്‍ വ്യത്യസ്തനായത് അധികമാരും അറിഞ്ഞില്ലെന്ന് മാത്രം.അല്ലെങ്കിലും ലൈംലൈറ്റില്‍ വ്യത്യസ്തരാകുന്നവര്‍ മാത്രമാണ് അറിയപ്പെടുന്ന വ്യത്യസ്ഥര്‍.
കണക്ക് മാഷായി കലക്ടര്‍....ഉത്തരംമുട്ടിയ്ക്കാന്‍ കുട്ടികളും..
കഥ തുടങ്ങും മുമ്പ് െചറിയൊരു ഫ്ലാഷ് ബാക്കുണ്ട്. കോഴിക്കോടിന്റെ കടലോരപ്രദേശമായ പയ്യാനക്കല്‍,അവിടെ വിജയശതമാനം താരതമ്യേന കുറഞ്ഞൊരു ഹൈസ്ക്കൂള്‍.കാലാനുസൃതമായ പല മാറ്റങ്ങളും വന്നെങ്കിലും പയ്യാനക്കലിന്റെ അവസ്ഥ അത്രകണ്ട് മെച്ചപ്പെട്ടിട്ടില്ല.വളരെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സര്‍ക്കാര്‍ വിദ്യാലയത്തെ മികവുറ്റതാക്കാന്‍ നാട്ടുകാരും അധ്യാപകരും പൗരപ്രമുഖരും പൂര്‍വ്വവിദ്യാര്‍ഥികളും ചേര്‍ന്ന് ശ്രമിക്കുകയാണ്.
സ്കൂളിലെ പ്രത്യേക പരിശീലന ക്ലാസുകളും മുറക്ക് നടക്കുന്നു, അതിനൊപ്പം കുട്ടികളെ പഠിപ്പിക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങി.നാട്ടിലെ വായനശാലകളും ക്ലബുകളും അങ്കണവാടികളും രാത്രി പഠനവീടുകളാക്കി എസ്എസ്എല്‍സി വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ തുടങ്ങി.പ്രദേശത്തെ വിദ്യാസമ്പന്നരായ ചേട്ടന്മാരും ചേച്ചിമാരും പഠനവീടുകളില്‍ കാവല്‍ക്കാരായി.
നാട്ടിലെ അറിയപ്പെടുന്ന അധ്യാപകരുടെ വിദഗ്ദ ക്ലാസുകളും നടന്നു.പഠിക്കാനുള്ള അവസരം വീട്ടിലില്ലാത്തവര്‍ക്ക് പോലും പഠനവീടുകള്‍ വലിയ ഉണര്‍വ്വായി,സംശയങ്ങള്‍ തീര്‍ക്കാനും മുന്‍പരീക്ഷകളുടെ ചോദ്യങ്ങള്‍ പരിചയപ്പെടാനും കുട്ടികള്‍ക്ക് അവസരമുണ്ടായി.അധ്യാപകരും കുട്ടികളും നാട്ടുകാരും കൈയ്മെയ്യ് മറന്നിറങ്ങാന്‍ ഒരു വലിയ പ്രചോദനമായത് നാട്ടിലെ വാര്‍ഡ് കൗണ്‍സിലര്‍ സീനത്താണ്.ഒപ്പം പഠനോല്‍സവം ചുമതലയുള്ള വിനോദ് മാഷും അജി ടീച്ചറും ഹെഡ്മാഷും മറ്റ് ടീച്ചര്‍മാരും രക്ഷിതാക്കളും ഒരേ മനസ്സോടെ മുന്നിട്ടിറങ്ങി.
ഇനിയാണ് കലക്ടറുടെ രംഗപ്രവേശം
പയ്യാനക്കല്‍ പഠനമഹാമഹത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്, പഠനവീടുകളുെട മാതൃകയില്‍ കുട്ടികള്‍ക്കായി സഹവാസ ക്യംപ് സംഘടിപ്പിക്കാന്‍ കൂട്ടായ്മ തീരുമാനിച്ചു.കോഴിക്കോട് മലാപറമ്പ് ക്രൈസ് ഹാളില്‍ പരിപാടി നടത്താനും രണ്ട് ദിവസം കുട്ടികള്‍ അവിടെ താമസിച്ച് പഠിക്കാനുമായിരുന്നു പദ്ധതി. വിദഗ്ദരെത്തി ക്ലാസുകള്‍ എടുത്തുകൊണ്ടിരുന്നു.എല്ലാവര്‍ക്കും വലിയ സന്തോഷം.കുട്ടികളുടെ ആത്മവിശ്വാസം വാനോളമുയര്‍ന്നു.അപ്പോഴാണ് കൗണ്‍സിലര്‍ സീനത്ത് ഈ വിവരം ജില്ലാകലക്ടറെ അറിയിക്കുന്നത്.
സര്‍ ഒന്ന് വരണമെന്നായിരുന്നു സീനത്തിന്റെ അഭ്യര്‍ഥന.വെറുതെ വന്ന് പത്തുമിനിറ്റ് കുട്ടികളുമായി സംസാരിക്കണം.പ്രതീക്ഷ വെറുതെ ആയില്ല കലക്ടറെത്തി.കണക്ക് ക്ലാസിലേക്കായിരുന്നു കലക്ടറുടെ വരവ്.കുട്ടികള്‍ക്കാദ്യം ആളെ പിടികിട്ടിയില്ല.കലക്ടറുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി.ഭാഗ്യത്തിന് കൂട്ടത്തില്‍ ഒരാള്‍ക്ക് ആളെ പിടികിട്ടി,ഇത് കലക്ടറല്ലെ ?
സാംബശിവ റാവുനോക്കിയപ്പോള്‍ കുട്ടികള്‍ കണക്കാണ് പഠിക്കുന്നത്.ഉടന്‍ കലക്ടര്‍ ഒരു കണക്കുമാഷായി മാറി.കണക്കാണല്ലെ എന്തേലും സംശയമുണ്ടെങ്കില്‍ ചോദിച്ചോളു..? കലക്ടറുടെ മാഷ് േവഷം കുട്ടികള്‍ക്കും രസമായി.കലക്ടര്‍ക്ക് കിടുക്കന്‍ ഒരു ചോദ്യം കുട്ടികളിട്ടുകൊടുത്തു.എത്ര ശ്രമിച്ചിട്ടും ഉത്തരംകിട്ടാത്ത ഒരു സാധനം.ടീച്ചര്‍മാര്‍ പോലും പരീക്ഷയ്ക്ക് വരില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ചോദ്യം.
പക്ഷെ വിട്ടുകൊടുക്കാന്‍ കലക്ടറും തയ്യാറായില്ല.ക്ലാസിലുണ്ടായിരുന്ന സത്താര്‍ മാഷിനെ തല്‍കാലം ക്ലാസ് ഏല്‍പിച്ച് കലക്ടര്‍ മാറിയിരുന്നു,കുട്ടികള്‍കൊടുത്ത കണക്ക് ചെയ്ത് നോക്കി,വലിയപാടാണ്.പത്തുമിനിറ്റ് വിസിറ്റിന് വന്ന കലക്ടര്‍ കുട്ടികളുടെ ചോദ്യത്തിന് ഉത്തരം കാണാന്‍ നേരം കുറെ ക്യാംപില്‍ ഇരുന്നു,ഒടുവില്‍ ഉത്തരവും കണ്ടുപിടിച്ച് കുട്ടികള്‍ക്ക് കണക്കില്‍ മിടുക്കരാകാന്‍ ചില ഉപദേശങ്ങളും നല്‍കി രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് കലക്ടര്‍ മടക്കിയത്,കലക്ടര്‍ ബ്രോയും കലക്ടര്‍ ഏട്ടനും അരങ്ങുവാണ കോഴിക്കോട് ആരും അങ്ങിനെ അറിയാതെ കലക്ടര്‍ മാഷും ഉണ്ടായി,പയ്യാനക്കിലെ പഠനമഹാമഹത്തിന്റെ സംഘാടകര്‍ക്കും കലക്ടറുടെ വരവ് വലിയ ആവേശമായി.