ക്രൂരതയുടെ പര്യായമായി കേരളത്തിന്റെ മനസാക്ഷിക്ക് മുന്നില്‍ നില്‍ക്കുന്ന കണ്ണൂര്‍ തയ്യിലിലെ ശരണ്യ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഫെയ്സ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലുമുള്ള അക്കൗണ്ടുകളിലെ പ്രൊഫൈല്‍ പിക്ചറില്‍ ഒരു വയസുള്ള വിയാന്റെ കുസൃതി നിറഞ്ഞ മുഖമാണ് നിറയുന്നത്. ഇതു കാണുന്നവര്‍ക്ക് സ്നേഹനിധിയായ ഒരമ്മയാണ് ശരണ്യയെന്ന് തോന്നുമെങ്കിലും, കുട്ടിയെ അപായപ്പെടുത്താനുള്ള പദ്ധതികളായിരുന്നു ആ മനസില്‍ നിറയെ.
കുഞ്ഞിനെ കാണാതായ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടിയോട് കാണിക്കുന്ന സ്നേഹം ജീവിതത്തില്‍ ഒരിക്കലും ശരണ്യയ്ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. കാമുകനൊപ്പം ജീവിക്കുമ്പോള്‍ കുട്ടി തടസമാകരുതെന്നു മാത്രമായിരുന്നു ആ അമ്മയുടെ ചിന്ത.
ഫെയ്സ്ബുക്കിലൂടെയായണ് ശരണ്യയും പ്രണവും പരിചയപ്പെടുന്നത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ ഇരുകുടുംബങ്ങളും ഈ ബന്ധം എതിര്‍ത്തു. എന്നാല്‍ ശരണ്യയ്ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായതോടെ ഇരുവരും വിവാഹിതരായി. വിവാഹശേഷം ജീവിതത്തില്‍ പ്രണയമുണ്ടായിരുന്നില്ല. സ്വന്തം വീട്ടില്‍ തന്നെയായിരുന്നു കൂടുതല്‍ ദിവസവും ശരണ്യ. ഭാര്യ ഗര്‍ഭിണിയായതോടെ പ്രണവ് ജോലി തേടി ഗള്‍ഫിലേയ്ക്ക് പോയി. ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തി.
അപ്പോഴേക്കും ശരണ്യ തയ്യില്‍ കടപ്പുറത്തെ സ്വന്തം വീട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു. പ്രണവ് ഗള്‍ഫില്‍ പോയ സമയത്താണ് ഭര്‍ത്താവിന്റെ സുഹൃത്തായ യുവാവുമായി ശരണ്യ പ്രണയത്തിലാകുന്നത്. ഇതും ഫെയ്സ്ബുക്ക് വഴിയായിരുന്നു. ശരണ്യയും പ്രണവും തമ്മിലുള്ള കുടുംബകലഹം ഇയാള്‍ മുതലാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ശരണ്യയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും, വാട്സാപ്പ് ചാറ്റുകളും സൈബര്‍ സെല്ല് വിശദമായി പരിശോധിച്ചിരുന്നു. പ്രണവ് തയ്യിലിലെ വീട്ടിലെത്തിയ അന്ന് രാത്രിയും കാമുകന്‍ ശരണ്യയുടെ വീടിന്റെ പരിസരങ്ങളില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ കാണാറുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. എന്നാല്‍ ശരണ്യയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയതിനോ, കുഞ്ഞിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതിനോ കാമുകനെതിരെ തെളിവുകള്‍ ലഭിച്ചില്ല. ഇതോടെയാണ് കാമുകന് കൃത്യത്തില്‍ പങ്കില്ലെന്ന് പൊലീസ് ഉറപ്പിച്ചത്.