പാമ്പുപിടുത്തത്തനിടെ അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷ് സുഖം പ്രാപിക്കുന്നു. സുരേഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സൗജന്യ ചികില്‍സ നല്കാന്‍ നിര്‍ദേശം നല്കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം ഇനിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പാമ്പുപിടുത്തത്തിനിറങ്ങണമെന്നും സുരേഷിനെ സ്നേഹിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ട്.
വീടെന്നോ നാടെന്നോ പൊത്തെന്നോ കുളമെന്നോ വ്യത്യാസമില്ലാതെ പാമ്പിനെക്കണ്ടാല്‍ നമ്മള്‍ വാവാ സുരേഷേ എന്നു വിളിക്കും. ആ വിളികേട്ടാലുടന്‍ സുരേഷ് വരും. ഏത് ഉഗ്ര സര്‍പ്പവും വാവ സുരേഷിന്‍റെ സ്നേഹസ്പര്‍ശനത്തിനു മുമ്പില്‍ മര്യാദക്കാനാകും. ആ സ്നേഹം അത്ര മനസിലാകാത്ത ഒരണലിയാണ് കഴിഞ്ഞ ദിവസം പത്തനാപുരത്തുവച്ച് സുരേഷിനെ കടിച്ചത്. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തെ മുഖാമുഖം കണ്ടു. നിരവധി തവണ പാമ്പുകടിയേററ ശരീരത്ത് പ്രതിരോധ മരുന്നായ ആന്‍റിവെനം ഫലിക്കാതെ വന്നതോടെ ആശങ്കയേറി.. എന്നാല്‍ ഇന്നലെ വൈകിട്ടോടെ മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങി.
അപകട നില തരണം ചെയ്ത സുരേഷിനെ പ്രത്യേക മുറിയിലേയ്ക്ക് മാററുമെന്നും മുറിവാടകയും ചികില്‍സയും സൗജന്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് സുരേഷിന് വിദഗ്ധചികില്‍സ ഉറപ്പാക്കിയിരിക്കുന്നത്. മുന്നൂറിലേറെ തവണ ഉഗ്ര വിഷമുളള പാമ്പു കടിയേററിട്ടുള്ള സുരേഷ് പത്താം തവണയാണ് ഗുരുതരാവസ്ഥയിലാകുന്നത്. ഇനിയെങ്കിലും സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് അപകടമുണ്ടാകാതെ പാമ്പുപിടിത്തത്തിനിറങ്ങണമെന്നാണ് വാവ സുരേഷിന് മനസിലൊരിടം കൊടുത്ത പതിനായിരങ്ങളുടെ ആവശ്യം.