MakaraJyothi_SC-845

ശബരിമല പുന:പരിശോധനാഹര്‍ജി പരിഗണിക്കവേ ഉയര്‍ന്നുവന്ന വിശാലമായ നിയമപ്രശ്നങ്ങളെക്കുറിച്ചുള്ള പരിശോധന സുപ്രീംകോടതി ഫെബ്രുവരി 17ന് ആരംഭിക്കുകയാണ്. ഇതിനായി ഏഴ് പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതില്‍ അഞ്ചും മതസ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്ന ഭരണഘടനയിലെ 25, 26 അനുച്ഛേദങ്ങളുമായി ബന്ധപ്പെട്ടതാണ്. രണ്ടെണ്ണം മതവിശ്വാസത്തെയും ആചാരങ്ങളെയും കുറിച്ചുള്ള  തര്‍ക്കങ്ങളില്‍ ജുഡീഷ്യല്‍ പരിശോധന എത്രമാത്രം സാധ്യമാണ്  എന്ന പരിശോധനയും.

ഒന്‍പതംഗ ഭരണഘടനാബെഞ്ച് നടത്തുന്നത്  ശബരിമല ഹര്‍ജിയുടെ പുന:പരിശോധനയല്ല ബെഞ്ചിന്‍റെ കണ്ടെത്തലുകള്‍ ശബരിമല യുവതീപ്രവേശത്തിന്‍റെ പുന:പരിശോധനയെ സ്വാധീനിക്കും എന്നുറപ്പാണ്. കാരണം, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നല്‍കിയ മുന്‍കാല ഭരണഘടനാവ്യഖ്യാനങ്ങളെ ആധാരമാക്കിയാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് ശബരിമല യുവതീപ്രവേശത്തിന് അനുകൂലമായി  വിധി പ്രഖ്യാപിച്ചത്. പുതിയ വ്യാഖ്യനങ്ങളെ മുന്‍നിര്‍ത്തിയാകും പുന:പരിശോധന നടക്കുക. അതുകൊണ്ട്് ഏഴ് പരിഗണനാവിഷയങ്ങള്‍ ശബരിമല നിയമപ്രശ്നത്തെ എങ്ങനെ സ്വാധീനിക്കും എന്ന വിശകലനമാണ് ഇവിടെ നടത്തുന്നത്.  

വിശാലബെഞ്ചിന്‍റെ ഏഴാമത്തെ പരിഗണനാവിഷയം ആദ്യം നോക്കാം.

ഒരു മതത്തില്‍പെട്ട വ്യക്തിക്ക് മറ്റൊരു മതത്തിലെ ആചാരത്തെ ചോദ്യംചെയ്ത് പൊതുതാല്‍പര്യഹര്‍ജി നല്‍കാനാകുമോ?

ഭരണഘടനയിലെ അനുച്ഛേദം 32 ആണ് മൗലികാവകാശ ലംഘനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാന്‍ വ്യക്തികള്‍ക്ക് അനുമതി നല്‍കുന്നത്. ശബരിമലയില്‍ ഹര്‍ജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷന് ഇത്തരമൊരു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന ചോദ്യം നേരത്തെ കോടതിയില്‍ ഉയര്‍ന്നിരുന്നു.

വിശ്വാസികളല്ലാത്ത ഹര്‍ജിക്കാര്‍ക്ക്  ഇത്തരമൊരു ഹർജി നൽകാൻ  അവകാശമില്ല എന്നായിരുന്നു പ്രധാനവാദം. ഈ വാദം വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ശരിവച്ചു.  

 വിശ്വാസികളല്ലാത്ത ഹര്‍ജിക്കാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട്  ആവശ്യം അപ്രസക്തമാണെന്നും ഇന്ദു മല്‍ഹോത്ര ചൂണ്ടിക്കാട്ടി.  ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും ആര്‍ക്കും ചോദ്യം ചെയ്യാമെന്ന സാഹചര്യമുണ്ടാകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇന്ദു മല്‍ഹോത്രയുടെ വിധിയില്‍ പറയുന്നു. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ഇത് വെല്ലുവിളിയാകുമെന്ന് വിധിയില്‍ എടുത്തുപറയുന്നു.  ഒരേ മതവിഭാഗത്തില്‍പെട്ടതോ അതേ വിശ്വാസം പങ്കുവയ്ക്കുന്നതോ ആയ വ്യക്തികള്‍ക്കാണ് മതസ്വാതന്ത്ര്യമെന്ന മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാന്‍ കഴിയൂവെന്ന് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര രേഖപ്പെടുത്തി. മതാചാരങ്ങളുമായി  ബന്ധപ്പെട്ട  മുന്‍കാല ഹര്‍ജികളിലേറെയും നിയമങ്ങളോ  സര്‍ക്കാര്‍ നടപടികളോ ചോദ്യംചെയ്യുന്നവ ആയിരുന്നുവെന്നും അല്ലാതെ ആചാരങ്ങളെയോ വിശ്വാസങ്ങളെയോ നേരിട്ട് ചോദ്യം ചെയ്യുന്നവ ആയിരുന്നില്ലെന്നും ഇന്ദു മല്‍ഹോത്ര  ചൂണ്ടിക്കാട്ടി.

ഇതേവാദമാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ മൂന്നംഗ ബെഞ്ചിനുമുന്നില്‍ മുതിര്‍ന്ന  അഭിഭാഷകരായ കെ.പരാശരനും കെ.കെ.വേണുഗോപാലുമടക്കം ഉന്നയിച്ചത്. പക്ഷേ ബെഞ്ച് അത് ചെവിക്കൊണ്ടില്ല . മൂന്നംഗ ബെഞ്ച് നിശ്ചയിച്ച് അഞ്ചംഗ ബെഞ്ചിന്  മുന്നിലെത്തിയ പരിഗണനാവിഷയങ്ങളിലും ഇത് ഉള്‍പ്പെട്ടിരുന്നില്ല. പക്ഷേ സമാനമായവാദം അഞ്ചംഗബെഞ്ചിനു മുന്നിലും വന്നു.  അഡ്വ. അഭിഷേക്  മനു സിങ്‍വിയടക്കം ഈ വാദം ശക്തമായി ഉന്നയിച്ചു. മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്ത് ആര്‍ക്കും പൊതുതാല്‍പര്യ ഹര്‍ജി നല്‍കാമെന്നുവന്നാല്‍ ഹര്‍ജികളുടെ ഒരു പരമ്പരതന്നെ ഉണ്ടാകുമെന്ന് സിങ്‍വി മുന്നറിയിപ്പുനല്‍കി.

എന്നാല്‍ മൗലികാവകാശങ്ങളുമായ ബന്ധപ്പെട്ട ഹര്‍ജി ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം പരിഗണിക്കാന്‍ സുപ്രീംകോടതിക്ക് ബാധ്യതയുണ്ട് എന്ന നിലപാടാണ് ബെഞ്ചിലെ ഭൂരിപക്ഷ ജഡ്ജിമാരും സ്വീകരിച്ചത്. അതില്‍ ഇഴകീറിയുള്ള പരിശോധന നടന്നില്ല. ദീര്‍ഘമായ വിധിയെഴുതിയ ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ വിധിയില്‍ ഇതൊന്ന് സ്പര്‍ശിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ മുന്‍കാല വിധി ഉദ്ധരിച്ചാണ് അദ്ദേഹം പൊതുതാല്‍പര്യഹര്‍ജിയുടെ സാധുതയെ ന്യായീകരിക്കുന്നത്.

Adi Saiva Sivachariyargal v/s Government of Tamil Nadu എന്ന കേസില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറയുന്നു. വിശ്വാസം, വലിയൊരു ജനവിഭാഗത്തിന്‍റെ മതാചാരങ്ങള്‍, ദീര്‍ഘകാല പാരമ്പര്യം, നിയമത്തിന്‍റെ പിന്‍ബലം എന്നിവയൊക്കെ അടങ്ങിയ പ്രശ്നങ്ങള്‍ പൊതുതാല്‍പര്യത്തില്‍ വരുന്നു. വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് അത് പൊതുതാല്‍പര്യമായി പരിഗണിക്കാതെവയ്യ– എന്ന നിരീക്ഷണത്തില്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അടിവരയിട്ടു.

2019 നവംബര്‍ 14ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിശ്ചയിച്ച പരിഗണനാവിഷയങ്ങളിലും ഈ പ്രശ്നം ഇടംപിടിച്ചു. അതിന്‍റെ ചുവടുപിടിച്ചാണ് ഒന്‍പതംഗ ബെഞ്ചും ഇത് ഉള്‍പ്പെടുത്തിയത്.

അന്യമതസ്ഥര്‍ക്ക് ഒരു മതത്തിലെ ആചാരങ്ങള്‍ക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കാനാകുമോ? എന്ന ചോദ്യത്തിനുപിന്നില്‍ പല ഉപചോദ്യങ്ങളും സ്വാഭാവികമായി വന്നുചേരും.

ഹര്‍ജിക്കാരന്‍/ഹര്‍ജിക്കാരി പ്രസ്തുതമതത്തില്‍പെട്ടയാള്‍ ആയാല്‍പ്പോലും അയാള്‍ വിശ്വാസിയല്ലെങ്കില്‍ ആചാരത്തെ ചോദ്യം ചെയ്യാനാകുമോ?

ഒരാള്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് നിശ്ചയിക്കുന്നതാരാണ്?

ഹിന്ദുമതത്തില്‍പെട്ട ആര്‍ക്കും ശബരിമലയിലെ ആചാരത്തെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടാകുമോ?

അതല്ല, ശബരിമല അയ്യപ്പഭക്തര്‍ക്ക് മാത്രമേ ഹര്‍ജി നല്‍കാനാകൂ എന്നുവരുമോ?

അങ്ങനെയെങ്കില്‍ ശബരിമല ഭക്തരെ ഒരു പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാകുമോ ഇല്ലയോ എന്ന ചോദ്യത്തിന്‍റെ ഉത്തരത്തെ ആശ്രയിച്ചാകില്ലേ ഹര്‍ജിക്കാരുടെ യോഗ്യത?

അയ്യപ്പവിശ്വാസിയാണ് എന്നു പ്രഖ്യാപിക്കുന്ന ഒരാള്‍, ശബരിമല അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യത്തിന്‍റെ  പേരിലുള്ള വിലക്കിനെ അംഗീകരിക്കുന്നില്ലെങ്കില്‍ അതുതന്നെ അയോഗ്യതയായി മാറുമോ?  പ്രതിഷ്ഠയുടെ സ്വഭാവവും ഭക്തന്‍റെ / ഭക്തയുടെ വിശ്വാസവും തമ്മിലുള്ള ബന്ധത്തെ എങ്ങനെ നിര്‍വചിക്കും?

സങ്കീര്‍ണമായ ഇത്തരം ചോദ്യങ്ങള്‍ക്കുകൂടി പിന്നീട് സുപ്രീംകോടതി ഉത്തരം നല്‍കേണ്ടിവരും.

ഹര്‍ജിയുടെ ഉള്ളടക്കത്തെക്കാളുപരി ഹര്‍ജിക്കാരുടെ യോഗ്യതയ്ക്കാണ്  കോടതി മുഖ്യപരിഗണന നല്‍കുന്നതെങ്കില്‍ ശബരിമലവിഷയത്തില്‍ ഇതുവരെ നടന്ന വ്യവഹാരങ്ങളെല്ലാം അപ്രസക്തമായേക്കാം. ചുരുക്കത്തില്‍, മൗലികാവകാശലംഘനമുണ്ടായാല്‍  ഭരണഘടനാപരമായ പരിഹാരംതേടി കോടതിയെ സമീപിക്കാനുള്ള മൗലികാവകാശത്തിന്‍റെ വ്യാഖ്യാനമാണ് സുപ്രീംകോടതി നിര്‍വഹിക്കാനിരിക്കുന്നത്. അത് ശബരിമല പുനപരിശോധനയെ നേരിട്ട് സ്വാധീനിക്കുകയും ചെയ്യും.  

(തുടരും)