childrenward

വയനാട് കൽപറ്റ ജനറൽ ഹോസ്പിറ്റലിലെ കുട്ടികളുടെ വാർഡിന്റെ മേൽക്കൂരയുടെ സീലിംഗും വശങ്ങളിലുള്ള ഇഷ്ടികക്കട്ടകളും പൊളിഞ്ഞു വീണു. സംഭവസമയം രോഗികളാരും ഇല്ലാത്തതിനാലാണ് അപകടം ഒഴിവായത്. രണ്ടാഴ്ച മുൻപ് അറ്റകുറ്റപ്പണി കഴിഞ്ഞ കെട്ടിടമാണ് ഇത് .  

ജനറൽ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കുട്ടികളുടെ വാർഡിലെ മേൽക്കൂരയിലെ സീലിങ്ങാണ് തകർന്നുവീണത്. ഇഷ്ടിക കഷ്ണങ്ങളും താഴേക്ക് തെറിച്ചു. സീലിംഗ് തകർന്ന് വീണ ഭാഗത്തെ കട്ടിലിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. എക്സറേ എടുക്കുന്നതിനായി കുട്ടിയുമായി വാർഡിൽ നിന്നും പുറത്തേക്ക് പോയതിനാലാണ് അപകടം ഒഴിവായത്. നിർമാണത്തിലെ അപാകതയാണ് കാരണമെന്ന് ആരോപിച്ച് രോഗികൾ ബഹളംവച്ചു. 

2017 ൽ പണികഴിപ്പിച്ചതാണ് കെട്ടിടം. നേരത്തെയും ഇതേ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണിരുന്നു. മേൽക്കൂരയിലേക്ക് കുരങ്ങുകൾ കയറാൻ ശ്രമിക്കുന്നതിനിടെയാകാം സീലിംഗ് തകർന്നതെന്നാണ് അധികൃതർ പറയുന്നത്.